കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ പായല്‍ ഘോഷ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ മീടു ആരോപണവുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ പീഡനാരോപണം ഉന്നയിച്ചത്. നടിയുടെ അഭിമുഖം വിവാദമായതോടെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. അനുരാഗ് കശ്യപ് അത്തരത്തിലൊരാളല്ലെന്ന് പറഞ്ഞ് നടി തപ്സി പന്നു അടക്കം സിനിമാ മേഖലയില്‍ നിരവധി പേര് അനുരാഗിന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ അനുരാഗിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി അനുരാഗിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിച്ചിട്ടുള്ള ആളാണ് അനുരാഗെന്നും താന്‍ അതിന് സാക്ഷിയായിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കല്‍ക്കി പറയുന്നത്.
മീടു ആരോപണം, അനുരാഗ് കശ്യപിനെ പിന്തുണച്ച് മുന്‍ ഭാര്യയും നടിയുമായ കല്‍ക്കിയുടെ ട്വീറ്റ്
ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിച്ചിട്ടുള്ള ആളാണ് അനുരാഗെന്നും താന്‍ അതിന് സാക്ഷിയായിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കല്‍ക്കി പറയുന്നത്.
അതേസമയം പായല്‍ ഘോഷിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് നടി റിച്ച ഛദ്ദ. അനുരാഗ് കശ്യപിനെതിരെയുള്ള നടി പായല്‍ ഘോഷിന്റെ ലൈംഗിക ആരോപണത്തില്‍ തന്റെ പേര് തെറ്റായി വലിച്ചിട്ടുവെന്നാരോപിച്ചാണ് താരം നിയമനടപടിക്ക് ഒരുങ്ങുന്നത്. 'വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് അങ്ങേയറ്റം മോശമായി പെരുമാറിയെന്നും സംവിധായകന് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തിയ പായല്‍, റിച്ച ഛദ്ദയും മറ്റുള്ളവരേയും ഒരു ഫോണ്‍ കോളില്‍ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു' എന്നാണ് പായല്‍ ഘോഷ് പറഞ്ഞത്. നടിയുടെ ഈ പ്രസ്താവനക്കെതിരെയാണ് റിച്ചയുടെ നിയമ നടപടിക്കൊരുങ്ങുന്നത്. അപകീര്‍ത്തികരമായും വ്യാജമായും തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നാണ് റിച്ച ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്.