സമകാലിക വിഷയങ്ങളെയും സംഭവങ്ങളെയും പ്രതിനിധീകരിച്ചുള്ള അമുലിന്‍റെ പരസ്യങ്ങൾ എല്ലായ്‌പ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാൽ, കാൽ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അമുൽ പരസ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടി ഊര്‍മിള മതോണ്ട്കർ അടുത്തിടെ നടത്തിയ പ്രതികരണം കൂടിയാകുമ്പോൾ അമുൽ പരസ്യം ചർച്ചക്ക് കൊഴുപ്പ് നൽകുന്നു.
ഇനി മുതൽ കുട്ടിയല്ല: അമുലിന്‍റെ കാൽ നൂറ്റാണ്ട് പഴക്കമുള്ള പരസ്യമെങ്ങനെ വിവാദമായി!
ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തിനെ സംബന്ധിച്ച് ഊര്‍മിള പ്രതികരിച്ചതും നടിയെ കങ്കണാ റണാവത്ത് സോഫ്‌റ്റ് പോണ്‍സ്റ്റാറെന്ന് വിളിച്ചതും അടുത്തിടെ വിവാദമായതോടെ ഈയിടെ പുറത്തിറങ്ങിയതെന്ന് പ്രചരിക്കുന്ന അമുലിന്‍റെ കാൽ നൂറ്റാണ്ട് പഴക്കമുള്ള പരസ്യവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി
ഈ മാസം 11ന് രംഗീല സംവിധായകൻ രാം ഗോപാൽ വർമ പങ്കുവെച്ച 1995ലെ പരസ്യമാണ് പുതിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിന്‍റെ 25-ാം വാർഷികത്തിന്‍റെ സന്തോഷമാണ് അമുലിന്‍റെ പരസ്യചിത്രത്തിനൊപ്പം സംവിധായകൻ ട്വീറ്റ് ചെയ്‌തത്. എന്നാൽ, ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തിനെ സംബന്ധിച്ച് ഊര്‍മിള പ്രതികരിച്ചതും നടിയെ കങ്കണാ റണാവത്ത് സോഫ്‌റ്റ് പോണ്‍സ്റ്റാറെന്ന് വിളിച്ചതും അടുത്തിടെ വിവാദമായതോടെ അമുലും ലൈംഗികചുവയുള്ള പരസ്യവുമായി എത്തിയിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇതോടെ, അമുലിനെ നിരാകരിക്കുക എന്ന തരത്തിലും പ്രചാരണങ്ങൾ ഉയർന്നു.
എന്നാൽ, സംവിധായകൻ അനുരാഗ് കശ്യപ് ഉൾപ്പടെയുള്ളവർ പരസ്യത്തിന്‍റെ സത്യാവസ്ഥയുമായി രംഗത്തെത്തിയതോടെ വ്യാജപ്രചരണങ്ങൾക്കും ട്രോളുകൾക്കും അത് മറുപടിയാകുകയായിരുന്നു. ഇനി ഊർമിള ബാലതാരമല്ലെന്നായിരുന്നു രംഗീല റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പരസ്യം വ്യക്തമാക്കുന്നതെന്ന് അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ അറിയിച്ചു. "ഇനി മുതൽ കുട്ടിയല്ല," എന്നർത്ഥം വരുന്ന 1995ലെ പരസ്യം 'രംഗീല' റിലീസ് സമയത്ത് പുറത്തിറങ്ങിയതാണ്. 'മാസൂം' എന്ന ചിത്രത്തിൽ ബാലതാരമായ നടി രംഗീലയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്ന ആശയമാണ് പരസ്യം വിശദമാക്കുന്നത്.