ന്യൂഡൽഹി: ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖ സിംഗിന്‍റെ വിയോഗത്തിൽ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അനുശോചനം അറിയിച്ചിരുന്നു. എന്നാൽ, ഫ്ലൈയിങ് സിംഗിന്‍റെ ജീവിതം താനുൾപ്പെടെ എല്ലാവർക്കും പ്രചോദനം കൂടിയാണെന്ന് വ്യക്തമാക്കുന്നതാണ് ബിഗ് ബിയുടെ ഏറ്റവും പുതിയ ട്വീറ്റ്.
മിൽഖ സിംഗിന്‍റെ ആത്മകഥ പുസ്‌തകത്തിലെ അവസാന പേജിന്‍റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചൻ കായികതാരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് മിൽഖ സിംഗ് 'ദി റേസ് ഓഫ് മൈ ലൈഫ്' എന്ന പുസ്‌തകത്തിന്‍റെ അവസാനഭാഗത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതാണ് 'എല്ലാവർക്കും പ്രചോദനം' എന്ന് കുറിച്ചുകൊണ്ട് അമിതാഭ് ബച്ചൻ ട്വിറ്ററിൽ പങ്കുവച്ചത്.
മിൽഖ സിംഗ് ആത്മകഥയുടെ അവസാന പേജിൽ കുറിച്ച വാക്കുകൾ
"എന്‍റെ അവസാന വാക്കുകൾ ഇതായിരിക്കും: ഒരു കായികതാരമെന്ന നിലയിൽ ജീവിതം കഠിനമാണ്, ആ ജീവിതം ഉപേക്ഷിക്കാനോ കുറുക്കുവഴികൾ സ്വീകരിക്കാനോ പ്രലോഭനമുണ്ടാകുന്ന പല സന്ദർഭങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം- എന്നാൽ വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ലെന്ന് ഓർക്കുക." എന്ന് മിൽഖ സിംഗ് തന്‍റെ ആത്മകഥയുടെ ഒടുക്കത്തിൽ എഴുതിയിരിക്കുന്നു.
More Read: മോഹൻലാലിന്‍റെയും കേരളത്തിന്‍റെയും ആരാധകൻ ആയിരുന്ന ഫ്ലൈയിങ് സിംഗ്; മാരത്തൺ ഓർമ പങ്കുവച്ച് ശ്രീകുമാർ
'നിങ്ങൾക്ക് പരമോന്നത സ്ഥാനത്ത് എത്തണമെങ്കിൽ നിങ്ങളുടെ മുഴുവൻ അസ്തിത്വവും ഇല്ലാതാക്കുക,' എന്ന ഉറുദു വരികളും കായിക ഇതിഹാസം ദി റേസ് ഓഫ് മൈ ലൈഫ് പുസ്‌തകത്തിൽ കൂട്ടിച്ചേർക്കുന്നു. വെള്ളിയാഴ്‌ച രാത്രി 11.30ക്കാണ് മിൽഖ സിംഗ് വിടവാങ്ങിയത്. കൊവിഡ് ബാധിച്ചായിരുന്നു അന്ത്യം.