പ്രിയദര്‍ശന്‍റെയും മോഹൻലാലിന്‍റെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' സിനിമയുടെ ട്രെയിലർ സ്വന്തമാക്കിയത് 24 മണിക്കൂറിനുള്ളിൽ 70 ലക്ഷം കാഴ്‌ചക്കാർ എന്ന നേട്ടമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിന് ശേഷം നടൻ മോഹൻലാലിന് അഭിനന്ദനവുമായി ബിഗ് ബിയുമെത്തി. മരക്കാറിന്‍റെ ട്രെയിലർ പങ്കുവച്ച് കൊണ്ടാണ് അമിതാഭ് ബച്ചൻ തന്‍റെ സുഹൃത്തിനെ പ്രശംസിച്ചത്.
മരക്കാര്‍ ട്രെയിലർ കണ്ടപ്പോൾ സുഹൃത്തിനോടുള്ള ആരാധന കൂടിയെന്ന് അമിതാഭ് ബച്ചൻ - marakkar tariler
മോഹൻലാൽ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാന്‍ തന്നോട് ആവശ്യപ്പെടുകയും ട്രെയിലർ കണ്ടതിന് ശേഷം അദ്ദേഹത്തോടുള്ള ആരാധന വർധിച്ചതായും ബിഗ് ബി പറഞ്ഞു
"എന്‍റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനുമായ മലയാള സിനിമയുടെ മോഹന്‍ലാൽ, ഞാൻ എപ്പോഴും ആരാധിക്കുന്നവരിൽ ഒരാൾ. അദ്ദേഹം തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടു.. ഞാൻ ട്രെയിലര്‍ കണ്ടു.. അദ്ദേഹത്തോടുള്ള എന്‍റെ ആരാധന ഇപ്പോൾ വര്‍ധിച്ചിരിക്കുകയാണ്" അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തു.
ഒപ്പം എന്ന ചിത്രത്തിന് ശേഷം പ്രിയദർശന്‍റെ സംവിധാനത്തിൽ മലയാളത്തിന്‍റെ സൂപ്പർതാരം നായകനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, ഹരീഷ് പേരടി, അര്‍ജുന്‍ സര്‍ജ, സുഹാസിനി തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഈ മാസം 26ന് ചിത്രം തിയേറ്ററുകളിലെത്തും.