ബോളിവുഡിന്‍റെ കിങ് ഖാന്‍ 55ന്‍റെ നിറവില്‍... ബോളിവുഡില്‍ താന്‍ തന്നെയാണ് കിങ് എന്ന് ഓരോ വര്‍ഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സദാ പ്രണയം നിറഞ്ഞുനില്‍ക്കുന്ന നോട്ടവും നുണക്കുഴി കാട്ടിയുള്ള ചിരിയും കുസൃതി നിറഞ്ഞ ഭാവവും നിഷ്‌കളങ്കതയുമാണ് കിങ് ഖാനെ ഇന്നും റൊമാന്‍സിന്‍റെ രാജാവായി നിലനിര്‍ത്തുന്നത്.
ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വസന്തമായ ഷാരൂഖ് 1965 നവംബര്‍ രണ്ടിന് പെഷവാറിലാണ് ജനിച്ചത്. ഖാനും കുടുംബവും പിന്നീട് ഇന്ത്യയിലേക്ക് വരികയായിരുന്നു. ഒരു ഹോക്കി പ്ലയറായി അറിയപ്പെടാനായിരുന്നു ഖാന്‍ ആഗ്രഹിച്ചിരുന്നത്. എണ്‍പതുകളുടെ അവസാനം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്‌ത ഫൗജിയടക്കമുള്ള ഹിന്ദി സീരിയലുകളിലായിരുന്നു ഖാന്‍റെ അഭിനയത്തിന്‍റെ തുടക്കം. അമിതാഭ് ബച്ചന്‍ അടക്കമുള്ള അഭിനേതാക്കള്‍ അടക്കി വാണിരുന്ന ബോളിവുഡിലേക്ക് ദീവാന എന്ന സിനിമയിലൂടെ 92 ലാണ് ഷാരൂഖ് കടന്നുവന്നത്.
ഡര്‍, ബാസിഗര്‍, ദില്‍ ആഷ്‌നാ ഹെ, കരണ്‍ അര്‍ജുന്‍, അന്‍ജാം എന്നിങ്ങനെ നായകവേഷത്തോടൊപ്പം പ്രതിനായകനായും ഷാരൂഖ് ബോളിവുഡില്‍ നിലയുറപ്പിച്ചു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ പോലുള്ള പ്രണയസിനിമകള്‍ ഷാരൂഖിന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. കുച്ച് കുച്ച് ഹോത്താ ഹെ, കല്‍ ഹോ നാ ഹോ, മേം ഹൂ നാ, ഓം ശാന്തി ഓം, ചക് ദേ ഇന്ത്യ, മൈ നേം ഈസ് ഖാന്‍ തുടങ്ങി നിരവധി ഹിറ്റുകളാണ് ബോളിവുഡിന് ഷാരൂഖ് സമ്മാനിച്ചത്. ഇതിനിടെ നടന്‍ എന്നതിലുപരി നിര്‍മാതാവിന്‍റെ വേഷവും ഷാരൂഖ് അണിഞ്ഞു. ഷാരൂഖ് കിങ് ഖാന്‍ ആയത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനത്തിനും ശേഷമാണ്. ബോളിവുഡിലെ മുൻ നിര ഇന്‍റീരിയര്‍ ഡിസൈനറായ ഗൗരി ഖാനാണ് ഭാര്യ. ആര്യൻ ഖാൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നുമക്കളാണ് കിങ് ഖാനുള്ളത്.
നടന്‍ ഇര്‍ഫാന്‍ ഖാനൊപ്പം എസ്‌ആർകെ വെള്ളിത്തിരയെ മാത്രമല്ല ഭരിക്കുന്നത്... ഇന്ത്യയിലെ ഒട്ടുമിക്ക വലിയ ബ്രാൻഡുകളുടെയും ബാദ്ഷാ കൂടിയാണ് അദ്ദേഹം. നാലായിരം കോടിക്ക് മുകളില്‍ ആസ്‌തിയുള്ള ഷാരൂഖ് ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരില്‍ ഒരാള്‍ കൂടിയാണ്. 2018ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം നിരാശനായ ഖാൻ സിനിമ മേഖലയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇതുവരെ ഒരു സിനിമയിലും അദ്ദേഹം ഒപ്പിട്ടിട്ടില്ല. എന്നിരുന്നാലും ഓരോ തവണയും അദ്ദേഹത്തിന്‍റെ പുതിയ സിനിമകള്‍ ഉടന്‍ വരുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. പലവിധ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെമ്പാടും ആരാധകരുള്ള എസ്ആര്‍കെയുടെ സ്റ്റൈലന്‍ തിരിച്ചുവരവിനായി ആകാംഷയിലാണ് ആരാധകര്‍.
ആരാധകര്‍ക്കൊപ്പം കിംഗ് ഖാന്‍