അപ്രതീക്ഷിതമായിരുന്നു അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനം. ആ മഹേന്ദ്രജാലം ഇനി കാണാന്‍ സാധിക്കില്ല എന്നത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വിരമിക്കല്‍ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ സിനിമാലോകത്ത് നിന്ന് അടക്കമുള്ളവര്‍ ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരത്തോടുള്ള ആരാധന വിവരിച്ചുകൊണ്ടുള്ള കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ധോണിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനും നടനുമായ രൺവീർ സിംഗ് പങ്കുവെച്ചത്. 22-ാം വയസ്സിൽ ധോണിയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് രൺവീർ തന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതേസമയം ധോണിയെക്കുറിച്ച് ഒരു കവിതയാണ് തമിഴ് സംവിധായകന്‍ വിഘ്നേശ് ശിവന്‍ പങ്കുവെച്ചത്.
കാത്തിരുന്ന് ധോണിയെ കണ്ട രണ്‍വീര്‍, കവിതയെഴുതിയ വിഘ്നേശ് ശിവന്‍... - വിഘ്നേശ് ശിവന്‍
ധോണിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനും നടനുമായ രൺവീർ സിംഗ് പങ്കുവെച്ചത്. ധോണിയെക്കുറിച്ച് ഒരു കവിതയാണ് തമിഴ് സംവിധായകന്‍ വിഘ്നേശ് ശിവന്‍ പങ്കുവെച്ചത്.
അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്ന സമയത്ത് ഒരു പരസ്യ ചിത്രത്തിൽ ധോണിക്കൊപ്പം പ്രവർത്തിക്കുന്ന വേളയിൽ പകർത്തിയ ചിത്രമാണ് രൺവീർ പങ്കുവച്ചത്. അന്ന് വലിയ ജോലി ഭാരവും കുറഞ്ഞ ശമ്പളവുമായിരുന്നെങ്കിലും ധോണിയുടെ സാന്നിധ്യത്തിൽ നിൽക്കാൻ വേണ്ടി മാത്രം ഇതൊന്നും താൻ ഗൗനിച്ചില്ലെന്ന് രൺവീർ പോസ്റ്റില്‍ പറയുന്നു. 'ജീവിതത്തിൽ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ൽ കർജത്തിലെ എൻഡി സ്റ്റുഡിയോയിൽ വെച്ചെടുത്തതാണിത്. അന്നെനിക്ക് 22 വയസ്സ്. അസോസിയേറ്റായി ജോലി ചെയ്യുന്നു. ധോണിയാണ് പരസ്യത്തിൽ അഭിനയിക്കുന്നത് എന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രമാണ് ഞാന്‍ ഈ ജോലി തെരഞ്ഞെടുത്തത്. എനിക്ക് അമിത ജോലി ഭാരവും തുച്ഛമായ പ്രതിഫലവുമായിരുന്നു. പക്ഷേ ഞാനത് കാര്യമാക്കിയില്ല. എനിക്ക് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ നിന്നാൽ മാത്രം മതിയായിരുന്നു. എനിക്ക് ആ സമയത്ത് പരിക്ക് പറ്റിയിരുന്നു. പക്ഷെ ഞാൻ വേദനയോടെ തന്നെ ജോലി ചെയ്തു. എന്‍റെ അധ്വാനത്തിന് ഫലം കിട്ടുമെന്നും എം.എസ് ധോണിയെ കാണാനും പറ്റിയാൽ ഒരു ഫോട്ടോ എടുക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിച്ചു. അവസാനം ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോൾ അമ്പരന്നു. അദ്ദേഹം വളരെ താഴ്മയുള്ളവനും വിനയാന്വിതനുമായിരുന്നു. അദ്ദേഹത്തോടുള്ള എന്‍റെ സ്നേഹവും ബഹുമാനവും കൂടുതൽ ശക്തമായി. എന്‍റെ ആദ്യ ചിത്രത്തിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെയും ഹെയർ സ്റ്റൈലിസ്റ്റായ സപ്ന ഒരിക്കൽ പറഞ്ഞു. നീ കടുത്ത ധോണി ആരാധകനാണെന്ന് അറിയാം. അദ്ദേഹമിപ്പോൾ മെഹബൂബ് സ്റ്റുഡിയോയിലുണ്ട് വന്നാൽ കാണാമെന്ന്. ഞാൻ മറ്റെല്ലാം മാറ്റിവച്ച് സ്റ്റുഡിയോയിലേക്ക് പറന്നു. അന്ന് അദ്ദേഹം ബാൻ ബജാ ബാരതിലെ എന്‍റെ അഭിനയത്തെ പ്രശംസിച്ചു. എന്‍റെ തൊപ്പിയിലും ജേഴ്സിയിലും അദ്ദേഹത്തിന്‍റെ ഓട്ടോഗ്രാഫ് വാങ്ങി. അന്ന് ഞാൻ നിലത്തൊന്നുമായിരുന്നില്ല. അന്ന് തൊട്ട് അദ്ദേഹത്തോട് അടുത്ത സൗഹൃദം നിലനിർത്താൻ സാധിച്ചു. ഓരോ തവണ കാണുമ്പോഴും ഒരു വല്ലാത്ത ഊർജം എനിക്ക് ലഭിച്ചു. ഒരു മുതിർന്ന സഹോദരൻ ചൊരിയുന്ന അനുഗ്രഹം പോലെ, പ്രചോദനം പോലെ... അദ്ദേഹം മികച്ച കായികതാരമാണ്. അദ്ദേഹത്തിന്‍റെ പ്രകടനം നേരിൽ കാണാനും എനിക്ക് ഭാഗ്യം ലഭിച്ചു. എന്നെന്നും എന്‍റെ ഹീറോയാണ്. രാജ്യത്തിന്‍റെ അഭിമാനമുയർത്തി കോടിക്കണക്കിന് ആളുകളുടെ ഹൃദയം നിറച്ചതിന് നന്ദി മഹി ഭായ്....' ഇതായിരുന്നു രണ്‍വീറിന്‍റെ കുറിപ്പ്. 'പ്രിയപ്പെട്ട മഹേന്ദ്ര സിങ് എന്നും ഞങ്ങളുടെ രാജാവ് നീ തന്നെ ആയിരിക്കും. പ്രിയപ്പെട്ട സെവന്‍ ഏത് ഇലവനിലും മികച്ചത് നീ തന്നെയാണ്. പ്രിയപ്പെട്ട ക്യാപ്റ്റന്‍ കൂള്‍, ശാന്തതയുടെ സ്കൂളിലെ പ്രിന്‍സിപ്പാള്‍ നീ തന്നെയാണ്. പ്രിയപ്പെട്ട എം.എസ് നിന്‍റെ സാമീപ്യം ഞങ്ങള്‍ ഭീകരമായി മിസ് ചെയ്യും. പ്രിയപ്പെട്ട മഹി ഭായ് ബ്ലൂവില്‍ നിന്ന് വിടപറയുമ്പോള്‍ മഞ്ഞ നിങ്ങളോട് ഹായ് പറയുന്നു' വിഘ്നേഷ് ശിവന്‍ കുറിച്ചു. ധോണിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സിനിമാ ലോകത്ത് നിന്നും നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.