വാഷിങ്ടണ്‍: പ്രീമിയം വരിക്കാർക്കായി ഉയർന്ന നിലവാരമുള്ള '1080p പ്രീമിയം' എന്ന ക്വാളിറ്റി ഓപ്ഷൻ പരീക്ഷിച്ച് യൂട്യൂബ്. പ്രീമിയം വരിക്കാരുടെ ഒരു ചെറിയ ഗ്രൂപ്പിന് നിലവിൽ ഈ ഓപ്‌ഷൻ ലഭ്യമാണ്. 1080p യുടെ മെച്ചപ്പെടുത്തിയ ബിറ്റ്റേറ്റ് പതിപ്പാണ് '1080p പ്രീമിയം'. ഇത് ഉയർന്ന നിലവാരമുള്ള കാഴ്‌ചാനുഭവം നൽകുന്നു.
ഈ പുതിയ സ്ട്രീം ഓപ്‌ഷൻ യൂട്യൂബ് പ്രീമിയം വരിക്കാർക്ക് ലഭ്യമാകും. ക്വാളിറ്റി മെനുവിൽ നിലവിൽ ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന 1080p എന്ന ഓപ്‌ഷനുപുറമെയാണിത്.
'1080p പ്രീമിയവും' സ്റ്റാൻഡേർഡ് 1080p ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?1080p ഒരു വീഡിയോയുടെ റെസല്യൂഷനോ ഇമേജ് നിർമ്മിക്കുന്ന പിക്‌സലുകളുടെ എണ്ണമോ വിവരിക്കുമ്പോൾ, മൊത്തത്തിലുള്ള വീഡിയോ ഗുണനിലവാരത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളുണ്ട്. ബിറ്റ്റേറ്റും കളർ ഡെപ്‌ത്തും ഇതിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ്. വീഡിയോയുടെ ഓരോ സെക്കൻഡിലും എത്രമാത്രം ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് വിവരിക്കാൻ ബിറ്റ്റേറ്റ് ഉപയോഗിക്കാറുണ്ട്.
ഒരു വീഡിയോയുടെ ബിറ്റ്റേറ്റ് ആ വീഡിയോയുടെ ഗുണനിലവാരത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഉയർന്ന ബിറ്റ്റേറ്റ് കൂടുതൽ വ്യക്തമായതും മികച്ച കാഴ്‌ചാനുഭവവും നൽകുന്ന വീഡിയോയിലേക്ക് നയിച്ചേക്കാം. ഉയർന്ന റെസല്യൂഷനിലാണ് വീഡിയോകൾ പ്ലേ ചെയ്യുന്നതെങ്കിൽപ്പോലും, കുറഞ്ഞ ബിറ്റ്‌റേറ്റ് പലപ്പോഴും വീഡിയോകളെ കംപ്രസ് ചെയ്യുന്നതായി തോന്നാം. സ്‌മാർട്ട്‌ഫോണിൽ നിന്നുള്ള 4K വീഡിയോ പ്രൊഫഷണൽ ഉപകരണങ്ങൾ പകർത്തിയ 1080p പോലെ മികച്ചതായി കാണപ്പെടാത്തതിന്‍റെ കാരണം ഇതാണ്.
ഉയർന്ന നിലവാരമുള്ള മൊബൈൽ വീഡിയോ കാണാനുള്ള ഉപഭോക്താക്കളുടെ അഭ്യർഥന ഇതിലൂടെ തൃപ്‌തിപ്പെടുത്താൻ, ഈ പുതിയ ഓപ്ഷന്‍റെ സഹായത്തോടെ യൂട്യൂബിന് കഴിഞ്ഞേക്കും. യൂട്യൂബിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സൂസൻ വോജ്‌സിക്കി രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. പുതിയ സിഇഒ ആയ നീൽ മോഹന്‍റെ നിയമനമാണോ ഈ പരിഷ്‌കാരത്തിന് പിന്നിൽ എന്നും ഉപയോക്താക്കൾക്ക് സംശയമുണ്ട്.
വളരെ പരിമിതമായ ശേഷിയിൽ മാത്രമേ ഫീച്ചർ ലഭ്യമാകൂ എന്നാണ് അനുമാനം. ഐഫോൺ, ആപ്പിൾ ടിവി എന്നിവയിൽ ഈ ഫീച്ചറിന് ആക്‌സസ് ഉണ്ട്. പക്ഷെ, ഡെസ്‌ക്‌ടോപ്പിൽ ഇല്ല. മാത്രമല്ല, ഇതിനെക്കുറിച്ച് യൂട്യൂബ് അത്ര വ്യക്തമായി സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ നൽകിയിട്ടില്ല. ഇത് പ്ലാറ്റ്‌ഫോമിലെ സ്ട്രീമിംഗ് എത്രത്തോളം മെച്ചപ്പെടുത്തുന്നുവെന്നോ ആർക്കൊക്കെ ഇത് ഉപയോഗിക്കാമെന്നോ ഇപ്പോൾ വ്യക്തമല്ല.
Also read:'ബ്ലൂ ടിക്ക്' ഇനി മെറ്റയിലും വില കൊടുത്ത് വാങ്ങാം; പുതിയ നീക്കവുമായി ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം മാതൃകമ്പനി