വാഷിങ്ടണ്‍: ഏറ്റവും ജനപ്രിയമായ ലോങ്-ഫോം വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് (YouTube). ഇന്ന് പലരുടെയും ഉപജീവന മാർഗം കൂടിയാണ് യൂട്യൂബ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീഡിയോ കാണാൻ ഉപയോഗിക്കുന്നതും യൂട്യൂബ് തന്നെ.
പ്ലാറ്റ്‌ഫോം നിലനിർത്തുന്നതിനും സൃഷ്‌ടാക്കളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുമുള്ള യൂട്യൂബിന്‍റെ ഉപാധിയാണ് പരസ്യങ്ങൾ. യൂട്യൂബ് വീഡിയോകളിലെ പരസ്യ ഇടവേളകൾ കാഴ്‌ചക്കാർ അനുവദിക്കുകയാണെങ്കിൽ സാധാരണയായി ഒരു വീഡിയോ ആരംഭിക്കുന്നതിന് മുമ്പും വീഡിയോയ്ക്കിടയിലുമാണ് ദൃശ്യമാകുക. ഈ ഇടവേളകൾ കുറച്ച് സെക്കന്‍ഡുകള്‍ മുതല്‍ മിനിറ്റുകൾ വരെ നീണ്ടുനിൽക്കുന്നതായിരിക്കും.
ദൈർഘ്യമേറിയ പരസ്യങ്ങൾ സാധാരണയായി ഒരു നിശ്ചിത സമയത്തിന് ശേഷം ഒഴിവാക്കാനുള്ള ഓപ്ഷനോടെയാണ് (Skip) വരുന്നത്. ഈ വർഷത്തിന്‍റെ തുടക്കം മുതൽ വീഡിയോകൾ ആരംഭിക്കുന്നതിന് മുന്‍പുള്ള യൂട്യൂബ് പരസ്യങ്ങളുടെ എണ്ണം വർധിച്ചു. കുറച്ച് നാളുകള്‍ക്ക് മുൻപ് വീഡിയോയുടെ ഇടവേളകളില്‍ 15 സെക്കൻഡ് ദൈർഘ്യമുള്ള ഒഴിവാക്കാനാവാത്ത (Unskippable Ads) മൂന്ന് പരസ്യങ്ങൾ വരെ ഉണ്ടായിരുന്നു. ജനുവരിയിൽ പ്ലാറ്റ്‌ഫോം ഇത് 20 സെക്കൻഡ് പരസ്യങ്ങളായി ഉയർത്തി, മാർച്ചിൽ തുടർച്ചയായി മൂന്ന് 15 സെക്കൻഡ് പരസ്യങ്ങൾ ആക്കി.
പരസ്യം വന്ന വഴി: കാഴ്‌ചക്കാർക്ക് പരസ്യങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ പ്രീമിയർ അംഗത്വം നേടാം. എങ്കിലും സൗജന്യ സേവനത്തിന് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാത്തപ്പോൾ പണം നൽകി അതേ സേവനം ആസ്വദിക്കുന്നവർ വളരെ ചുരുക്കമായിരിക്കും.
നമ്മൾ തെരഞ്ഞെടുക്കുന്ന വീഡിയോ ആരംഭിക്കുന്നതിന് മുൻപ് 10 ഒഴിവാക്കാനാവാത്ത പരസ്യങ്ങൾ വരെ പ്ലേ ചെയ്‌ത് യൂട്യൂബ് അടുത്തിടെ ഒരു പരീക്ഷണം നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരസ്യങ്ങളെ ബമ്പർ പരസ്യങ്ങൾ എന്നാണ് വിളിക്കുന്നത്. യൂട്യൂബിലെ ഫീഡ്ബാക്ക് ടൂൾ ഉപയോഗിച്ച് കാഴ്‌ചക്കാർക്ക് ഇതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും അവസരം ഉണ്ടായിരുന്നു. എന്നാൽ, ഈ പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചിരിക്കുകയാണ്.