സിനിമ നിർമാണ രംഗത്തേക്ക് കാലുവച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പ് ആദ്യ നിർമാണ സംരംഭമായ നയ്‌ജ ഒഡീസി ആമസോൺ പ്രൈമിലും യൂട്യൂബിലും റിലീസ് ചെയ്യും. നൈജീരിയൻ ദമ്പതിമാർക്ക് ഗ്രീസിൽ വച്ച് ജനിച്ച ജിയാനിസ് അന്‍റെന്‍റ്‌കൊംപോ എന്ന എൻബിഎ (നാഷണൽ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ) കളിക്കാരന്‍റെ കഥയാണ് 12 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ പറയുന്നത്. സെപ്‌റ്റംബർ 21നാണ് ഹ്രസ്വചിത്രം റിലീസ് ചെയ്യുക.
ആദ്യമായാണ് ഒരു സമൂഹ മാധ്യമം ചലച്ചിത്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. വാട്‌സ്‌ആപ്പിന്‍റെ പ്രചരണത്തിനുള്ള ഒരു മാർഗമായിട്ടാണ് നയ്‌ജ ഒഡീസിയെ കാണുന്നത്. അന്‍റെന്‍റ്കൊംപോ അടുത്തിടെ വാട്‌സ്‌ആപ്പുമായി ഇതുസംബന്ധിച്ച ഒരു കരാറിൽ ഒപ്പിട്ടിരുന്നു.
നമ്മുടെ ബഹുമുഖ ജീവിതത്തെ ഉൾക്കൊള്ളാൻ വാട്‌സ്‌ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് പറയുന്ന കഥയാണ് 'നയ്‌ജ ഒഡീസി'. ബന്ധങ്ങൾ, വ്യക്തിത്വം, പ്രതികൂല സാഹചര്യം എന്നിവയെ നേരിടുന്നതിന് ഏറ്റവും അടുപ്പമുള്ളവരുമായി ബന്ധിപ്പിച്ചുകൊണ്ട് എല്ലാ വശങ്ങളെയും ഉൾക്കൊള്ളാൻ വാട്‌സ്‌ആപ്പ് പ്രാപ്‌തമാക്കുന്നുവെന്ന് കമ്പനി വക്താവ് പറയുന്നു.
വാട്‌സ്‌ആപ്പിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ചിത്രം റിലീസ് ചെയ്യും. ബാസ്‌കറ്റ്‌ബോള്‍ ടീമായ മില്‍വോകീ ബക്‌സിന് വേണ്ടി 2021ല്‍ 'എന്‍ബിഎ ഓള്‍-സ്റ്റാര്‍ ഗെയിം എംവിപി' എന്ന അംഗീകാരം അന്‍റെന്‍റ്‌കൊംപോയ്‌ക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളായിരിക്കും ചിത്രത്തില്‍ ആവിഷ്‌കരിക്കുക. ഗ്രീക്ക് ഇതിഹാസ കാവ്യമായ ദി ഒഡീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിച്ചിരിക്കുന്നത്.