വിറ്റാമിന്‍ ഡിയും, ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും കാന്‍സര്‍ സാധ്യത 61 ശതമാനം കുറയ്ക്കുമെന്ന് പഠനം. 'ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ്' എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. സ്വിറ്റ്സർലൻഡിലെ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍ സൂറിച്ചിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്.
സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, പോർച്ചുഗൽ എന്നിവിടങ്ങളിലായി നടന്ന മൂന്ന് വർഷത്തെ ട്രയലില്‍ 2,157 പേർ പങ്കെടുത്തു. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ദിവസവും ഇവര്‍ക്ക് വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്‍ററികള്‍ ഭക്ഷണത്തിനൊപ്പം നല്‍കി.
ലളിതമായ വ്യായാമ മുറകളും ഇവരെ കൊണ്ട് ചെയ്യിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ മൂന്നും കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ഗവേഷക സംഘം കണ്ടെത്തി. വിറ്റാമിന്‍ ഡി കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണ കോശങ്ങളെ കാന്‍സര്‍ കോശങ്ങളായി മാറ്റുന്നത് തടയാന്‍ ഒമേഗ 3ക്ക് കഴിയും. വ്യായാമം ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കാന്‍സര്‍ തടയാന്‍ സഹായിക്കും.
ഓരോന്നിനും പ്രത്യേക ഗുണങ്ങളുണ്ട്. എന്നാല്‍ മൂന്നും സംയോജിപ്പിച്ചപ്പോള്‍ ലഭിച്ച ഗുണം വലുതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ ഹെയ്‌ക് ബിഷോഫ് ഫെരാരി പറയുന്നു. ഈ മൂന്ന് മാര്‍ഗങ്ങളും ഒരുമിച്ച് പ്രയോഗിച്ച ഒരു പഠനം ഇതാദ്യമായാണെന്നും ഫെരാരി കൂട്ടിച്ചേര്‍ത്തു.