ന്യൂഡല്‍ഹി:ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ വെരിഫൈ ചെയ്യുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് യൂസർ പ്രൊഫൈലുകളില്‍ ഫോണ്‍ നമ്പറുകള്‍ വെരിഫൈഡ് ആണെന്ന ലേബലോ ടാഗോ നല്‍കാന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ ബ്ലൂ ടിക്ക് നല്‍കുന്നുണ്ട്.
ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഫോൺ നമ്പറുകള്‍ ലിങ്ക് ചെയ്‌ത് വെരിഫൈഡ് ടാഗ് പ്രൊഫൈലില്‍ കാണിക്കും. ഉപഭോക്തൃ സേവനങ്ങളുള്ള വെരിഫൈഡ് ബിസിനസുകൾക്ക് പുതിയ ഫീച്ചര്‍ ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ആപ്പ് ഗവേഷകയായ ജെയ്‌ന്‍ മഞ്ചുൻ വോങ് ആണ് പുതിയ ഫീച്ചറിനെ കുറിച്ച് ട്വീറ്റ് ചെയ്‌തത്.
കൂടുതൽ ആധികാരികതയും വിശ്വാസ്യതയും കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ട്വിറ്റര്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ട്വിറ്ററില്‍ കണക്കില്‍പ്പെടാത്ത ബോട്ടുകളുടെ സാന്നിധ്യമുണ്ടെന്ന ഇലോണ്‍ മസ്‌കിന്‍റെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നീക്കം. അക്കൗണ്ടുകൾ വെരിഫൈ ചെയ്യാന്‍ ഫോൺ നമ്പറോ ഇമെയിലോ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം നിലവിലുണ്ട്.
അതേസമയം, ട്വിറ്റര്‍ പ്രൊഫൈലില്‍ ഈ ടാഗ് വേണ്ടാത്തവര്‍ക്ക് ഇത് ഒഴിവാക്കാനുള്ള ഓപ്‌ഷനുമുണ്ട്. ഇതിന് പുറമെ, 'ട്വീറ്റ് വ്യൂ കൗണ്ട്' കാണിക്കുന്നതിനായുള്ള ഫീച്ചറും കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ജെയ്‌ന്‍ മഞ്ചുൻ വോങ് പറയുന്നു. ഇത് ട്വിറ്റര്‍ ഹാന്‍ഡിലിന് മാത്രമാണോ അതോ എല്ലാവർക്കും കാണാനാകുമോയെന്ന കാര്യം വ്യക്തമല്ലെന്നും വോങ് കൂട്ടിച്ചേര്‍ത്തു. എംബഡഡ് ട്വീറ്റ് എഡിറ്റ് ചെയ്‌തിട്ടുണ്ടോ അല്ലെങ്കിൽ ട്വീറ്റിന്‍റെ പുതിയ വേര്‍ഷനുണ്ടോയെന്നും ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചറും ഉടന്‍ പുറത്തിറങ്ങിയേക്കും.
Also read: മസ്‌കിന്‍റെ 'എക്‌സ് ഡോട്ട് കോം'; അണിയറയില്‍ ഒരുങ്ങുന്നത് ട്വിറ്ററിന്‍റെ എതിരാളിയോ?