സാന്‍ഫ്രാന്‍സിസ്കോ : 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഉന്നത ട്വിറ്റര്‍ എക്‌സിക്യുട്ടീവുകള്‍ സെന്‍സര്‍ ചെയ്‌തിരുന്നതായി വെളിപ്പെടുത്തല്‍. ഒടുവില്‍ കാപിറ്റോള്‍ ഹില്‍ ആക്രമണത്തിന് പിന്നാലെ 2021 ജനുവരി 8ന് അദ്ദേഹത്തിന്‍റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇലോണ്‍ മസ്‌ക് പുറത്തുവിട്ട ട്വിറ്റര്‍ ഫയലുകളുടെ മൂന്നാം സീസണെ ഉദ്ധരിച്ചാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാറ്റ് തായ്‌ബി പ്രതികരിച്ചിരിക്കുന്നത്.
'ജനുവരി 6ന് മുമ്പുള്ള മാസങ്ങളില്‍ തന്നെ ട്വിറ്ററില്‍ നിലവാരത്തകര്‍ച്ച ആരംഭിച്ചിരുന്നു. ട്വിറ്റര്‍ പോളിസികള്‍ ലംഘിക്കുന്നതിന് ഉന്നത എക്‌സിക്യുട്ടീവുകള്‍ തീരുമാനിച്ചു. ഫെഡറല്‍ ഏജന്‍സികളുമായി ആശയവിനിമയം നടത്തി', മാറ്റ് തായ്‌ബി ട്വിറ്റര്‍ ഫയല്‍ 3-ാം ഭാഗം പങ്കിട്ടുകൊണ്ട് കുറിച്ചു. 'സോഷ്യൽ മീഡിയ കമ്പനികളുടെ തെരഞ്ഞെടുപ്പ് ഇടപെടൽ ജനാധിപത്യത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു. അത് തെറ്റാണ്' എന്ന് ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന് മറുപടി നൽകി.
ട്രംപിന്‍റെ അക്കൗണ്ട് നിരോധിക്കുന്നതിലേക്ക് നയിച്ച ആഭ്യന്തര ചര്‍ച്ചകളുടെ ഭൂരിഭാഗവും നടന്നത് ജനുവരി 6 മുതല്‍ 8 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ ചില ബുദ്ധിപരമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരുപക്ഷേ ട്വിറ്റര്‍ എക്‌സിക്യുട്ടീവുകള്‍ സ്ഥിരമായി ആശയവിനിമയം നടത്തുന്ന ഫെഡറല്‍ ഏജന്‍സികളുടെ സ്വാധീനമാകാം എന്ന തരത്തിലും തായ്‌ബി പരാമര്‍ശം നടത്തി.
ഉന്നത എക്‌സിക്യുട്ടീവുകളുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകളുടെ തെരച്ചിലിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് ട്വിറ്റര്‍ ഫയലുകള്‍. അവരുടെ പേരുകളും നിലവില്‍ ആളുകള്‍ക്ക് അറിയാം. 'റോത്ത്, മുന്‍ ട്രസ്റ്റ് ആന്‍റ് പോളിസി ചീഫ് വിജയ ഗഡെ, ഡെപ്യൂട്ടി ജനറല്‍ കൗണ്‍സല്‍ ജിം ബേക്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു' - തായ്‌ബി പ്രതികരിച്ചു.
'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെ കുറിച്ച് ഫെഡറൽ എൻഫോഴ്‌സ്‌മെന്‍റുമായും ഇന്‍റലിജൻസ് ഏജൻസികളുമായും ട്വിറ്റര്‍ എക്‌സിക്യുട്ടീവുകള്‍ വ്യക്തമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ട്വിറ്റര്‍ ഫയലുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന് വിലക്കേര്‍പ്പെടുത്തിയ ശേഷം ട്വിറ്റര്‍ എക്‌സിക്യുട്ടീവുകള്‍ പ്രവര്‍ത്തനം തുടരുകയാണ്. ഭാവിയിലെ പ്രസിഡന്‍റുമാര്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അവര്‍. ചിലപ്പോള്‍ ജോ ബൈഡനാകാം അടുത്തത്' - തായ്‌ബി പറഞ്ഞു.