തിരുവനന്തപുരം:ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങില്‍ ഇടപിടിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. നാല്‍പ്പത്തിനാലാം റാങ്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിങില്‍ ഉള്‍പ്പെടുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്. ) എന്ന റാങ്ക് പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജും ഉള്‍പ്പെട്ടരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ നിലവാരം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ചികിത്സാ നിലവാരം എന്നിവ പരിശോധിച്ചാണ് പട്ടിക തയാറാക്കുന്നത്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയമാണ് മന്ത്രാലയമാണ് വിവധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് പട്ടിക തയാറാക്കുന്നത്.
മികച്ച അധ്യാപനം, പഠന സൗകര്യങ്ങള്‍, പ്രൊഫഷണല്‍ പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള സൗകര്യം, സമയബന്ധിതമായ ബിരുദദാനം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ പട്ടിക തയാറാക്കുന്നതിന്‍റെ മാദണ്ഡങ്ങളാണ്. മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു റാങ്ക് പട്ടിക പുറത്തുവിടുന്നത്.
ദേശീയ തലത്തില്‍ മെഡിക്കല്‍ സീറ്റുകള്‍ അലോട്ട് ചെയ്യുന്നതിനാല്‍ മെഡിക്കല്‍ രംഗത്തെ മികച്ച സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക എന്നത് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. എന്നാല്‍ ഈ റാങ്ക് പട്ടിക പരിശോധിക്കുന്നത് രാജ്യത്തെ മികച്ച സ്ഥാപനങ്ങളെ എളുപ്പത്തില്‍ മനസിലാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. 50 മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പട്ടികയില്‍ ഒന്നാമതുള്ളത് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ്. 94.32 സ്‌കോര്‍ നേടിയാണ് ഡല്‍ഹി എയിംസ് ഒന്നാം സ്ഥാനം നേടിയത്. ചണ്ടീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് രണ്ടാം സ്ഥാനത്തുള്ളത്. 81.1 സ്‌കോറാണ് ഈ സ്ഥാപനത്തിന് ലഭിച്ചിരിക്കുന്നത്.