സോൾ (ദക്ഷിണ കൊറിയ) : പുത്തൻ ഫീച്ചറുകളോടെ സാംസങിന്‍റെ ഏറ്റവും പുതിയ സ്‌മാർട്ട് ഫോണുകൾ വിപണി കീഴടക്കാനെത്തി. ബെൻഡിങ് സ്‌ക്രീൻ ഫോണുകളുടെ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി Z ഫ്ലിപ്പ് 5 (Galaxy Z Flip 5), ഗാലക്‌സി Z ഫോൾഡ് 5 (Galaxy Z Fold 5) ഫോണുകളാണ് സാംസങ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഗാലക്‌സി അൺപാക്ക്‌ഡ് 2023 (Galaxy Unpacked 2023) ചടങ്ങിനിടെയാണ് പുതിയ ഫോണുകളുടെ ലോഞ്ച് നടത്തിയത്.
ക്ലാംഷെൽ രൂപകൽപന ചെയ്‌ത ഫോണുകൾ അനായാസം മടക്കാനും തുറക്കാനും സാധിക്കും. 7.6 ഇഞ്ച് മെയിൻ സ്‌ക്രീനും 6.7 ഇഞ്ച് കവർ സ്‌ക്രീനും ഉള്ള സാംസങിന്‍റെ അഞ്ചാം തലമുറ ഗാലക്‌സി ഫോൾഡ് ഫോണായ ഗാലക്‌സി Z ഫോൾഡ് 5, മുൻ തലമുറ ഫോണുകളേക്കാൾ വലിയ സ്‌ക്രീൻ അനുഭവം (Display) ആണ് നൽകുന്നത്. കൂടാതെ, മികച്ച ദൃശ്യങ്ങൾ ലഭ്യമാക്കുന്ന കൂടുതൽ നൂതനമായ ക്യാമറകൾ, ടെക്‌സ്‌റ്റ്, വീഡിയോ ചാറ്റുകൾ, സിനിമകൾ, ഗെയിമുകൾ എന്നിവയ്‌ക്കായും കൂടുതൽ സവിശേഷതകൾ ഫോണിൽ സജീകരിച്ചിട്ടുണ്ട്.
വിലയും ശ്രദ്ധേയം : സൗകര്യപ്രദമായി കയ്യിൽ കരുതാവുന്ന ഫ്ലിപ്പ് 5 ന് 3.4 ഇഞ്ചാണ് കവർ സ്‌ക്രീൻ വലിപ്പം. സ്‌നാപ്പ്‌ഡ്രാഗൺ 8 Gen 2 പ്രൊസസറിൽ (Snapdragon 8 Gen 2 processor) പ്രവർത്തിക്കുന്ന ഫോണുകൾ പഴയ ഫോണുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്. കൂടുതൽ കാലം നീണ്ടുനിൽക്കുന്ന രീതിയിൽ നിർമിച്ചിട്ടുള്ള ഫോണുകളിൽ ഷോക്ക് റെസിസ്‌റ്റന്‍റ് ഫീച്ചറും ചേർത്തിട്ടുണ്ട്. സാങ്കേതിക വിദ്യകൊണ്ടും വില കൊണ്ടും ശ്രദ്ധ നേടിയ പുത്തൻ സ്‌മാർട്ട് ഫോണുകളിൽ ഫ്ലിപ്പ് 5 ന് 1000 ഡോളർ (ഏകദേശം 82,000 രൂപ) മുതലും ഫോൾഡ് 5 ന് 1,800 ഡോളർ (ഏകദേശം 1,47,590 രൂപ) മുതലുമാണ് വിപണി വില ആരംഭിക്കുന്നത്.