ജോലി സമയം കഴിഞ്ഞും പണിയെടുക്കാമെന്ന് കരുതുന്നവരാണോ നിങ്ങൾ... എന്നാൽ ഇനിയത് നടക്കില്ല. നിശ്ചിത സമയം ജോലി ചെയ്‌തുകഴിഞ്ഞും ജോലി മതിയാക്കിയില്ലെങ്കിൽ കമ്പ്യൂട്ടർ ടേബിളിൽ നിന്ന് തെന്നിമാറുന്ന മൗസ് വികസിപ്പിച്ചിരിക്കുകയാണ് സൗത്ത് കൊറിയൻ കമ്പനിയായ സാംസങ്.
കൊവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ കൂടുതൽ കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെയാണ് പലരും ഓവർ ടൈം വർക്ക് ചെയ്യാൻ തുടങ്ങിയത്. കമ്പനികൾ നൽകുന്ന അമിതഭാരം കുറയ്‌ക്കാനാണ് പലരും ഓവർടൈം ജോലി ചെയ്യുന്നത്. എന്നാൽ ഇത്തരം ആൾക്കാരുടെ ജോലി-വ്യക്തി ജീവിത സന്തുലിതാവസ്ഥ തകരാറിലായിരിക്കും. ഇത് ഒഴിവാക്കുന്നതിനാണ് സാംസങ് പുതിയ മൗസ് കണ്ടുപിടിച്ചിരിക്കുന്നത്.
കൈയിൽ നിന്ന് തെന്നിമാറുന്ന മൗസുമായി സാംസങ് ഓവർടൈം ജോലി ചെയ്യുന്നവരുടെ വ്യക്തിജീവിതം സന്തുലിതമാക്കാൻ കണ്ടുപിടിച്ച മൗസിന് സാംസങ് ബാലൻസ് മൗസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞും ജോലി ചെയ്യാൻ ശ്രമിച്ചാൽ ഈ മൗസ് പ്രവർത്തിക്കില്ല. മൗസിനെ തൊടാൻ ശ്രമിച്ചാൽ ചെവിയും വാലും പൊങ്ങി വന്ന് കൈയിൽ നിന്ന് തെന്നിമാറിപ്പോകും. തൊടാൻ ശ്രമിച്ചാൽ ഇരുവശങ്ങളിലേക്കും ഓടിനടക്കും.
തെന്നിമാറുന്ന മൗസിനെ കൈപ്പിടിയിലാക്കാമെന്ന് കരുതിയാൽ അതും നടക്കില്ല. ഉടൻ തന്നെ മൗസിന്‍റെ മുകൾഭാഗവുമായുള്ള ബന്ധം വിച്ഛേദിച്ച് രണ്ട് ഭാഗങ്ങളായി മാറും. ജോലി സമയം കഴിഞ്ഞെന്ന് ആളുകളെ ഈ മൗസ് ഓർമിപ്പിക്കുമെന്ന് സാംസങ് പറയുന്നു. വശങ്ങളിലേക്ക് നീങ്ങാൻ പറ്റുന്ന രീതിയിലുള്ള ചക്രങ്ങളും ഉപയോക്താവിന്‍റെ കൈ മനസിലാക്കാനുള്ള സെൻസറുകളും മൗസിൽ സജ്ജീകരിച്ചിട്ടുണ്ട്.
എന്നാൽ ജോലി സമയം കഴിഞ്ഞുവെന്ന് എങ്ങനെ മൗസ് മനസിലാക്കും എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള മൗസ് ഉടൻ തന്നെ മാർക്കറ്റിലിറക്കുമെന്നാണ് സാങ്കേതിക വൃത്തങ്ങൾ കരുതുന്നത്. മൗസ് പ്രവർത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാംസങ് അതിന്‍റെ കൊറിയൻ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.