അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്നകേന്ദ്ര-സംസ്ഥാന ശാസ്ത്ര സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ശാസ്ത്ര സാങ്കേതിക വികസന രംഗത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. രാജ്യത്ത് ആദ്യമായാണ് കേന്ദ്ര-സംസ്ഥാന ശാസ്ത്ര സമ്മേളനം നടക്കുന്നത്.
ശാസ്‌ത്രം, സാങ്കേതിക വിദ്യ, പുതിയ കണ്ടെത്തല്‍ എന്നിവയ്‌ക്ക് അനുഗുണമായ പരിതസ്ഥിതി ഒരുക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സഹകരണം വര്‍ധിപ്പിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. കേന്ദ്ര, സംസ്ഥാന പ്രതിനിധികളോടൊപ്പം ശാസ്‌ത്രജ്ഞരും വ്യവസായികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ രണ്ട് ദിവസമായാണ് ശാസ്ത്ര സമ്മേളനം നടക്കുക.
വിട്ടുനിന്ന് ജാര്‍ഖണ്ഡും ബിഹാറും:ഡിജിറ്റല്‍ ചികിത്സ, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യയുടെ ഉപയോഗം, പരിസ്ഥിതി സൗഹൃദമായ ഇന്ധനം, ജല ശുദ്ധീകരണം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. അതേസമയം ജാര്‍ഖണ്ഡും ബിഹാറും സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല. ഇതിനുള്ള കാരണം ഔദ്യോഗികമായി ഇരു സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടില്ല.
ഗവേഷണത്തിന്‍റെയും ഇന്നവേഷന്‍റെയും ആഗോള കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതില്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് ശാസ്‌ത്ര സാങ്കേതിക വിദ്യ പരിപോഷിപ്പിക്കുന്നതിനായി കാലാനുസൃത നയങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ പരിഹാരം കാണുന്ന തരത്തിലേക്ക് ഗവേഷണത്തെ സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കണം.
ശാസ്ത്രജ്ഞന്‍മാര്‍ തമ്മില്‍ കൂടുതല്‍ സഹകരണവും കൂട്ടായ്‌മയും ഉണ്ടാകണം. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ ശാസ്‌ത്ര ലാബുകള്‍ ഉണ്ടാവണം. കൂടുതല്‍ ശാസ്‌ത്ര സ്ഥാപനങ്ങള്‍ ആരംഭിക്കണം. നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കണമെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമഫലമായി ആഗോള ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81ല്‍ നിന്ന് 46 ആയി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി.