ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) വളര്‍ച്ച നിയന്ത്രിക്കുന്നതിനോ വിഷയത്തില്‍ നിയമം കൊണ്ടു വരുന്നതിനോ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രാജ്യത്തിനും സാങ്കേതിക മേഖലയ്‌ക്കും തന്ത്രപ്രധാനമായ മുതല്‍ക്കൂട്ടാണെന്നും ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
'സംരംഭകത്വത്തിന്‍റെയും വ്യാപാരത്തിന്‍റെയും വളർച്ചയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചലനാത്മകമായ സ്വാധീനം ചെലുത്തും. രാജ്യത്ത് ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖല വികസിപ്പിക്കുന്നതിന് നയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും', മന്ത്രാലയം വ്യക്തമാക്കി. 2018 ജൂണിൽ സര്‍ക്കാര്‍ നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രസിദ്ധീകരിക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഗവേഷണത്തിനും അവലംബിക്കുന്നതിനുമായി ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു.
ഈ പ്രത്യേക മേഖലകളിലെ അവസരങ്ങൾ സമഗ്രമാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉൾപ്പെടെ ഉയർന്നുവരുന്ന വിവിധ സാങ്കേതിക വിദ്യകളിൽ മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. ഈ കേന്ദ്രങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് പ്രീമിയം പ്ലഗ്-ആൻഡ്-പ്ലേ കോ-വർക്കിങ് സ്‌പെയ്‌സുകള്‍ നല്‍കുന്നു എന്നും മന്ത്രാലയം വ്യക്തമാക്കി. ഗ്ലോബൽ പാർട്‌ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (ജിപിഎഐ) സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ.