ഹൈദരാബാദ്: സൂമിനും ഗൂഗിൾ മീറ്റിനും സമാനമായി ഒരേ സമയം കൂടുതൽ ആളുകളെ ഗ്രൂപ്പ് കോളിൽ ഉള്‍ക്കൊള്ളിക്കുന്ന പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കള്‍ക്ക് ഇതിനോടകം തന്നെ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റു ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഗ്രൂപ്പ് കോളിങ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്കിടയില്‍ സാധാരണമാക്കുന്നതിനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത് എന്നാണ് വാട്സ്ആപ്പ് അധികൃതര്‍ പറയുന്നത്.
വാട്സ്ആപ്പിന്റെ ഈ പുത്തന്‍ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം;വാട്സ്ആപ്പ് തുറന്ന് ചാറ്റ് പേജിലെ കോള്‍സ് (Calls) ഐക്കണില്‍ ടച്ച് ചെയ്യുമ്പോള്‍ ക്രിയേറ്റ് കോള്‍ ലിങ്ക് (Create Call Link) എന്ന ഫീച്ചര്‍ കാണാം. ക്രിയേറ്റ് കോള്‍ ലിങ്കില്‍ ടച്ച് ചെയ്താല്‍ കോള്‍ ടൈപ്പ് (Call Type) -വീഡിയോ കോള്‍, ഓഡിയോ കോള്‍ എന്നിങ്ങനെ കാണാം. ഒപ്പം ദൃശ്യമാകുന്ന ലിങ്ക് വാട്സ്ആപ്പ് വഴി അയക്കുകയോ, ലിങ്ക് കോപ്പി ചെയ്യുകയോ, ലിങ്ക് പങ്കിടുകയോ ചെയ്യാനുള്ള ഓപ്ഷനുകള്‍ ദൃശ്യമാകും.
ഉപയോക്താവ് തെരഞ്ഞെടുത്ത കോൾ ടൈപ്പ് അടിസ്ഥാനമാക്കിയാണ് ലിങ്ക് സൃഷ്ടിക്കപ്പെടുന്നത്. ഉപയോക്താവിന് വാട്സ്ആപ്പ് വഴി മറ്റുള്ളവർക്ക് ലിങ്ക് അയയ്ക്കാനോ പകർത്താനോ പങ്കിടാനോ കഴിയും. മറ്റ് ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്താല്‍, ജോയിൻ, ലീവ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണും.