വാഷിങ്ടണ്‍: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രത്തില്‍ രൂപപ്പെടുന്ന ചെറിയ ചുഴികളും ഓഷ്യന്‍ കറന്‍റ്സും (കടലിന്‍റെ ഒഴുക്ക് ) വഹിക്കുന്ന പങ്കിനെ കുറിച്ച് പഠിക്കാന്‍ പുതിയ ദൗത്യവുമായി നാസ. സബ് മെസോസ്കേൽ ഓഷ്യൻ ഡൈനാമിക്‌സ് എക്‌സ്‌പിരിമെന്‍റ് (എസ്-മോഡ്) എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഒക്ടോബറിലാണ് ആരംഭിക്കുക. ഓഷ്യൻ ഗ്ലൈഡറിലും നിരവധി വിമാനങ്ങളിലുമായി ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നാസ ദൗത്യത്തിനൊരുങ്ങുന്നത്.
എഡ്ഡീസ് അഥവാ സമുദ്രജലത്തിന്‍റെ ചെറിയ തോതിലുള്ള ചലനങ്ങളെക്കുറിച്ച് കൂടുതലറിയാൻ പുതിയ ദൗത്യത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ ചുഴികള്‍ ഏകദേശം 6.2 മൈൽ അഥവാ 10 കിലോമീറ്റർ വരെ നീളത്തില്‍ ജലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു. ഉപരിതലത്തില്‍ നിന്ന് സമുദ്ര പാളികളിലേക്കും തിരിച്ചും താപത്തിന്‍റെ ചലനത്തില്‍ എഡ്ഡികള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. എഡ്ഡികളെ കുറിച്ച് പഠിക്കുന്നതിലൂടെ ആഗോള കാലാവസ്ഥ വ്യതിയാനത്തിന്‍റെ വേഗം കുറയ്ക്കാന്‍ സമുദ്രങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും.