ആംസ്റ്റര്‍ഡാം: ക്വാണ്ടം ഇന്‍റര്‍നെറ്റില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ശാസ്ത്രജ്ഞര്‍. ക്വാണ്ടം വിവരശകലങ്ങള്‍ ദൂരെയുള്ള കമ്പ്യൂട്ടറുകളില്‍ അയക്കാനുള്ള സാങ്കേതിക വിദ്യയില്‍ പുരോഗതി കൈവരിച്ചു. ക്വാണ്ടം മെക്കാനിക്‌സിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് പുതിയ കമ്പ്യൂട്ടര്‍ വികസിപ്പിക്കാനുള്ള ഊര്‍ജിതമായ ഗവേഷണം ലോകത്ത് നടന്നുക്കൊണ്ടിരിക്കുകയാണ്.
ക്വാണ്ടം കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ കമ്പ്യൂട്ടറുകള്‍ വെറും കളിപ്പാട്ടങ്ങളാണ്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് ആയിരം വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ഒരു ദൗത്യം ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് മിനിട്ടുകള്‍കൊണ്ട് പൂര്‍ത്തികരിക്കാന്‍ സാധിക്കും! 2019ല്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ അവതരിപ്പിച്ചിരുന്നു. ചൈനയിലും ക്വാണ്ടം കമ്പ്യൂട്ടറിന്‍റെ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ക്വാണ്ടം കമ്പ്യൂട്ടറിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ക്വാണ്ടം ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യ അനിവാര്യമാണ്. അതായത് ദൂരെയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിവര കൈമാറ്റം സാധ്യമാവല്‍. നെതര്‍ലെൻഡിലെ ഡെല്‍ഫ്റ്റ് സാങ്കേതിക സര്‍വകലാശാലയിലെ ഭൗതിക ശാസ്‌ത്രജ്ഞര്‍ ക്വാണ്ടം ഇന്‍റര്‍നെറ്റില്‍ നിര്‍ണായക മുന്നേറ്റം നടത്തിയിരിക്കുകയാണ്.
ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ എന്ന സാങ്കേതിക ഉപയോഗിച്ചാണ് ഈ നിര്‍ണായക ചുവട് വയ്പ്പ് നടത്തിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ മൂന്ന് ഭൗതിക സ്ഥാനങ്ങളിലേക്ക് ക്വാണ്ടം ഡാറ്റ അയക്കാനുള്ള ശേഷി കൈവരിച്ചിരിക്കുകയാണ് ശാസ്‌ത്രജ്ഞര്‍. ഇതുവരെ രണ്ട് സ്ഥാനങ്ങളിലേക്ക് മാത്രമെ ക്വാണ്ടം ഡാറ്റ അയക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ക്വാണ്ടം കമ്പ്യൂട്ടിങ് എന്നാല്‍: തന്മാത്രകൾക്കും (MOLECULEs) അണുക്കള്‍ക്കുമപ്പുറം (ATOMs) ഈ ലോകം നിര്‍മിതമായിരിക്കുന്ന അടിസ്ഥാന കണങ്ങളെയാണ് ‘ക്വാണ്ടം’ (QUANTUM) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ക്വാണ്ടം ബലതന്ത്രത്തിലെ (ക്വാണ്ടം ഫിസിക്സ്) അടിസ്ഥാന ആശയങ്ങളായ ക്വാണ്ടം വിശിഷ്ടസ്ഥിതി (SuperPosition), ക്വാണ്ടം കെട്ടുപിണച്ചിൽ (Quantum Entanglement) തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന കമ്പ്യൂട്ടിങ് ആണ് ക്വാണ്ടം കമ്പ്യൂട്ടിങ്. ഇത്തരം കമ്പ്യൂട്ടിങ് ചെയ്യാൻ കഴിവുള്ള ഒരു കമ്പ്യൂട്ടറിനെ ക്വാണ്ടം കമ്പ്യൂട്ടർ എന്ന് വിളിക്കുന്നു. ദ്വയാങ്ക (Binary) അവസ്ഥകളുള്ള ട്രാന്സിസ്റ്ററുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാധാരണ ഡിജിറ്റൽ കമ്പ്യൂട്ടറുകളെക്കാൾ വളരെ വ്യത്യസ്തമായാണ് ഇത് പ്രവർത്തിക്കുന്നത്. സാധാരണ ഡിജിറ്റൽ കമ്പ്യൂട്ടറുകളിൽ രണ്ട് സ്റ്റേറ്റുകൾ (0 അല്ലെങ്കിൽ 1) മാത്രമുള്ള ബിറ്റുകളിലേക്കാണ് വിവരം എൻകോഡ് ചെയ്യപ്പെടുന്നത്. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടറിൽ ഇത് ക്യൂബിറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേകതരം ബിറ്റുകളിലാണ് എൻകോഡ് ചെയ്യപ്പെടുന്നത്.