ന്യൂഡല്‍ഹി : മൂന്ന് വര്‍ഷമായി ഐഎസ്ആര്‍ഒ ബഹിരാകാശ രംഗത്ത് അതിവേഗ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും മെഷീന്‍ ലേണിംഗ് സാങ്കേതികതയും അടക്കമുള്ളവ ഐഎസ്ആര്‍ഒ പഠന ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി (Artificial Intelligence and Machine Learning).
വിക്ഷേപണത്തിനും ബഹിരാകാശ വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിവരവിശകലനത്തിനും ബഹിരാകാശ വാഹനങ്ങളുടെ ഗതിവിഗതി നിയന്ത്രിക്കാനും സ്പെയ്‌സ് റോബോട്ടിക്‌സിനും എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും മെഷീന്‍ ലേണിംഗും ഉപയോഗപ്പെടുത്തുന്നു. സാധ്യതാ പഠനങ്ങള്‍ക്കും അവയുടെ നടപ്പാക്കലിനും വിവിധ ഘട്ടങ്ങളില്‍ ബഹിരാകാശ വകുപ്പ് ഇവ പ്രയോജനപ്പെടുത്തുന്നുണ്ട്(Machine Learning).
ഐഎസ്ആര്‍ഒയും ഐഐടികളും ഐഐഎസ് സികളും ചേര്‍ന്ന് പുത്തന്‍ എഐ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പല പദ്ധതികളുടെയും ഭാഗമായി എഐയുടെ വികസന ഉപയോഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൊത്തം പദ്ധതിക്ക് അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നാണ് ഇതിനുള്ള ചെലവുകളും കണ്ടെത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗഗന്‍യാന്‍, ചന്ദ്രയാന്‍ 3, ഉപഗ്രഹ പദ്ധതികള്‍, ഭൗമനിരീക്ഷണ പരിപാടികള്‍ എന്നിവയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കുന്നു.
ബഹിരാകാശ രംഗത്ത് ഉപയോഗിക്കാനാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ചിലതും അദ്ദേഹം പരാമര്‍ശിച്ചു. ഉപഗ്രഹ വിവരങ്ങള്‍ വിശകലനം ചെയ്യാനും ദൂരെയിരുന്ന് തന്നെ കാലാവസ്ഥ, വാര്‍ത്താവിതരണ, യാത്ര ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിനും എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.
വിള-കാലാവസ്ഥ-ദുരന്ത വിഷയങ്ങളില്‍ പ്രവചനങ്ങള്‍ക്കുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനും നിയന്ത്രിക്കാനും നിരീക്ഷിക്കാനും എഐ സാങ്കേതികത ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് വരും കാലങ്ങളില്‍ ഇവയുടെ സാന്നിധ്യം ഉപയോഗിക്കാനും ആകും. ഇതിന് പുറമെ നഗരവത്കരണം, കയ്യേറ്റം കണ്ടെത്തല്‍, നിര്‍മ്മാണങ്ങള്‍, വനമേഖലയുടെ മാറ്റങ്ങള്‍, റോഡുകള്‍, അണക്കെട്ടുകള്‍, കപ്പലുകള്‍ മറ്റ് യാനങ്ങള്‍ എന്നിവയുടെ ആവശ്യത്തിനും എഐ ഉപയോഗിക്കുന്നുണ്ട്.
ചന്ദ്രയാന്‍, ചൊവ്വ ദൗത്യം തുടങ്ങിയവയിലും എഐ ഉപയോഗിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ മൂന്നിന്‍റെ ലാന്‍ഡിങ് സൈറ്റ് തിരിച്ചറിയാന്‍ വരെ സഹായകമായത് എഐയാണ്.
Also Read :കാലാവസ്ഥ വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ വി സാറ്റ് വരും: പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം
ബഹിരാകാശ രംഗത്ത് എഐയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ബഹിരാകാശ വകുപ്പ്. ഐഎസ്ആര്‍ഒ കേന്ദ്രങ്ങളിലും സ്വകാര്യ രംഗത്തും അടക്കം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എഐയ്ക്ക് മാത്രമായുള്ള ലാബുകളും പരിഗണനയിലുണ്ട്. എഐ സാങ്കേതിക വിദഗ്ദ്ധരുടെ നിപുണത വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും പരിഗണിച്ച് വരികയാണ്. ദേശീയ തലത്തില്‍ എഐ വര്‍ക്ഷോപ്പുകളും സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കാനും ആലോചനയുണ്ടെന്നും ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി.