ന്യൂഡൽഹി: സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണം യുദ്ധക്കപ്പലിൽ നിന്ന് ചൊവ്വാഴ്ച ബ്രഹ്മോസ് വിക്ഷേപിക്കപ്പെട്ടതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (DRDO) അറിയിച്ചു. നിയുക്ത ലക്ഷ്യക്കപ്പലിൽ മിസൈൽ കൃത്യമായി പതിച്ചുവെന്നും ഡിആർഡഒ കൂട്ടിച്ചേർത്തു.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈലിന്‍റെ വിക്ഷേപണത്തിൽ ഇന്ത്യയെ പ്രതീനിധീകരിക്കുന്നത് ഡിആർഡഒ ആണ്. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. ബ്രഹ്മോസിന്‍റെ സമുദ്രയുദ്ധത്തിൽ ഉപയോഗിക്കുന്ന പതിപ്പാണിത്.