ന്യൂഡല്‍ഹി:എഐയുടെ (ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്) ഗോഡ് ഫാദര്‍ ജെഫ്രി ഹിന്‍റണ്‍ ഗൂഗിള്‍ വിട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എഐയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ജെഫ്രി ഹിന്‍റണ്‍. ഒരു ദശാബ്‌ദത്തോളമായി ഗൂഗിളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം. തന്‍റെ ജീവിതത്തില്‍ വലിയൊരു സമയം എഐയ്‌ക്കായി ചെലവിട്ടെന്നും അതില്‍ ഖേദിക്കുന്നുവെന്നും ജെഫ്രി ഹിന്‍റണ്‍ പറഞ്ഞു.
chatGPT പോലുള്ള ജനപ്രിയ ചാറ്റ് ബോട്ടുകള്‍ രൂപപ്പെടുത്തിയ എഐ സിസ്റ്റങ്ങള്‍ക്ക് അടിത്തറ പാകിയത് ജെഫ്രി ഹിന്‍റണാണ്. 'ഗൂഗിളിനെ വിമര്‍ശിക്കാനല്ല താന്‍ ഗൂഗിള്‍ വിട്ടതെന്നും മറിച്ച് എഐയുടെ അപകടങ്ങളെ കുറിച്ച് സംസാരിക്കാനാണെന്നും' ജെഫ്രി ഹിന്‍റണ്‍ ട്വിറ്ററില്‍ കുറിച്ചു. ഗൂഗിള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍ താന്‍ ഗൂഗിള്‍ വിട്ടത് ഗൂഗിളിനെ വിമര്‍ശിക്കാനാണെന്നുള്ള വിവാദ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. എഐയുടെ അപകട സാധ്യതകളെ കുറിച്ച് ഇനിയെനിക്ക് സ്വതന്ത്രമായി സംസാരിക്കാനാകും. സാങ്കേതിക വിദ്യയുടെ ഭാവി പതിപ്പുകൾ മനുഷ്യർക്ക് അപകടകരമാകുമെന്നതില്‍ ജെഫ്രി ഹിന്‍റണ്‍ ഏറെ ആശങ്കകുലനാണ്.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ല: എഐ ഏറെ ഉപകാരപ്രദവും സഹായകവുമായ ഒന്നാണ് എന്നാല്‍ ജെഫ്രി ഹിന്‍റണിന്‍റെ രാജി എഐയുടെ അപകട സാധ്യതകളെ കുറിച്ച് കൂടുതല്‍ ചൂടേറിയ ചര്‍ച്ചക്ക് വീണ്ടും കാരണമായിരിക്കുകയാണ്. എഐ ഉപകാരപ്രദവും അപകടകാരിയുമാണെന്നും വിശ്വാസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് ഏറെ അപകടകാരിയാണെന്നാണ് ഗോഡ് ഫാദറായ ജെഫ്രി ഹിന്‍റണിന്‍റെ വാദം.