ന്യൂഡല്‍ഹി:ആഗോളതലത്തിലുള്ള ചൂട് കഴിഞ്ഞ എട്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായി വ്യക്തമാക്കി ലോക കാലാവസ്ഥാപഠന സംഘടന (ഡബ്ല്യുഎംഒ). 2015 മുതലുള്ള കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലുണ്ടായ റെക്കോഡ് ചൂടിനെ അപേക്ഷിച്ച് 1.15 ദശാംശം കൂടുതലാണ് 2022 ലെ ആഗോള തലത്തിലുള്ള ചൂടെന്നാണ് ഡബ്ല്യുഎംഒയുടെ വിശദീകരണം. യുണൈറ്റഡ് നേഷനുകളുടെ 27-ാമത് കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി 'ഡബ്ല്യുഎംഒ പ്രൊവിഷണല്‍ സറ്റേറ്റ് ഓഫ് ദ ഗ്ലോബല്‍ ക്ലൈമറ്റ് 2022' എന്ന റിപ്പോര്‍ട്ടിലാണ് സംഘടനയുടെ വെളിപ്പെടുത്തല്‍.
സമുദ്രനിരപ്പ് വര്‍ധനവിന്‍റെ നിരക്ക് 1993 വരെ ഇരട്ടിയായതായും തുടര്‍ന്ന് 2020 വരെ 10 മില്ലിമീറ്റര്‍ വരെ വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏതാണ്ട് മുപ്പത് വര്‍ഷത്തോളമായി സാറ്റലൈറ്റ് മുഖാന്തരമുള്ള സമുദ്രനിരപ്പ് കണക്കാക്കുന്നതില്‍ നിന്ന് കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി ആകെയുള്ള സമുദ്രനിരപ്പ് വര്‍ധന പത്ത് ശതമാനം വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇത് ഈ വര്‍ഷം സെപ്‌റ്റംബര്‍ വരെയുള്ളത് മാത്രമാണെന്നും അന്തിമഫലം വ്യക്തമാകുക വരുന്ന ഏപ്രിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇനി റെക്കോഡിലേക്ക്:ആഗോള തലത്തിലുള്ള ചൂട് 2022 ഇതുവരെ ശരാശരിയുള്ള 1850-1900 നും മുകളിലായി 1.15 ദശാംശമാണ്. ഈ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഈ വര്‍ഷം അവസാനമാകുമ്പോള്‍ 1850 മുതല്‍ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് ചൂടിന്‍റെ അഞ്ചോ, ആറോ സ്ഥാനത്ത് 2022 ഉണ്ടാകുമെന്ന് ഡബ്ല്യുഎംഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ 2015 മുതല്‍ 2022 വരെയുള്ള ഈ എട്ട് വര്‍ഷങ്ങളാണ് ചൂട് കൂടുതലെന്ന റെക്കോഡുള്ള എട്ട് വര്‍ഷങ്ങളെന്നതില്‍ സംശയമില്ലെന്നും റിപ്പോര്‍ട്ട് ഉറപ്പ് നല്‍കുന്നു.
2013 മുതല്‍ 2022 വരെയുള്ള പത്ത് വര്‍ഷത്തെ ശരാശരി ഇതിനും മുമ്പുള്ളതിനെ പരിഗണിച്ചാല്‍ 1.14 ദശാംശം കൂടുതലാണ്. ഇതില്‍ തന്നെ 2011 മുതല്‍ 2022 വരെ 1.09 ദശാംശമുണ്ടെന്നാണ് കാലാവസ്ഥ വ്യതിയാനത്തിനായുള്ള ഇന്‍റര്‍ ഗവര്‍മെന്‍റല്‍ പാനല്‍ (ഐപിസിസി) ആറാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ പൊതുവെ മഴക്കാലത്തിന് മുമ്പുള്ള ചൂട് ഇന്ത്യയിലും പാകിസ്ഥാനിലും കൂടുതലാണെന്നും ഇത്തരത്തില്‍ പാകിസ്ഥാനില്‍ ചൂട് ഏറ്റവും വര്‍ധിച്ച മാര്‍ച്ച് ഏപ്രില്‍ സമയത്ത് ഇത് വിളവിനെ പ്രതികൂലമായി ബാധിക്കാറുണ്ടെന്നും വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്.
ചൂടില്‍ ഒതുങ്ങില്ല: ഇതിനൊപ്പം ഗോതമ്പ് കയറ്റുമതി നിരോധിച്ചതും ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയിലെ വിലക്കുമെല്ലാം അന്താരാഷ്‌ട്ര ഭക്ഷ്യ വിപണിയേയും ഭക്ഷ്യക്ഷാമം നേരിടുന്ന മറ്റ് രാജ്യങ്ങളെയും ബാധിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞുപോകുന്നു. ചൂട് വര്‍ധിക്കുന്നത് വഴി മറ്റ് അനേകം ദീര്‍ഘദൂര പ്രത്യാഘാതങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതായത് ചൂട് വര്‍ധിക്കുന്നത് വഴി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും ഇത് നിലവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് 1.5 ദശാംശം കുറയ്‌ക്കുമെന്ന പാരിസ് ഉടമ്പടിയുടെ ലംഘനമായി മാറുന്നുവെന്നും ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ പെട്ടെരി താലസും കൂട്ടിച്ചേര്‍ത്തു.