ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്ഫോൺ നിർമാതാക്കളായ വാവെയുടെ പുതിയ ഫോൺ വാവെയ് വൈ 7എ പുറത്തിറക്കി. ക്വാഡ് ക്യാമറ സജ്ജീകരണങ്ങളോടെ എത്തുന്ന ഫോണില്‍ 48 എംപി പ്രധാന ക്യാമറയും എട്ട് എംപി 120 ഡിഗ്രി അൾട്ര വൈഡ് ആംഗിൾ ലെൻസും രണ്ട് എംപി ഡെപ്‌ത് ലെൻസും, രണ്ട് എംപി മാക്രോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. വാവെയുടെ കിറിൺ 710എ ഒക്‌ടകോർ പ്രോസസറാണ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. 22.5 വാട്ട് വാവെയ് സൂപ്പർ ചാർജോടെയുള്ള 5000 എംഎഎച്ച് ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 14,200 രൂപയ്‌ക്കാകും ഫോൺ ലഭ്യമാകുക.
ഫോണിന്‍റെ പ്രത്യേകതകൾ:
1. ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടു കൂടിയ 6.67 ഇഞ്ച് സ്‌ക്രീനാണ് വൈ 7എയിലുള്ളത്.
2. 22.5 വാട്ട് ടൈപ് സി വാവെയ് സൂപ്പർ ചാർജ്; പത്ത് മിനിറ്റ് ചാർജ് ചെയ്‌താല്‍ രണ്ട് മണിക്കൂർ ഉപയോഗിക്കാനാകും.
3. ആർട്ടിഫിഷ്യല്‍ ഇൻറ്റലിജൻസോടു കൂടിയ 5000 എംഎഎച്ചിന്‍റെ വലിയ ബാറ്ററി.
4. സൈഡ് മൗണ്ടട് ഫിംഗർപ്രിന്‍റ് സ്‌കാനർ; പവർ ബട്ടണും ഫിംഗർപ്രിന്‍റ് സ്‌കാനറും സംയോജിപ്പിച്ചതിനാല്‍ ഫോണിന് കൂടുതല്‍ സുരക്ഷ നല്‍കുന്നു.
5. നാല് ജിബി റാം, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജിലാണ് സ്‌മാർട്ട് ഫോൺ ലഭ്യമാകുന്നത്.