ഹൈദരാബാദ് : ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ന്‍റെ (ICC Men's Cricket World Cup 2023) ഉദ്‌ഘാടന ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ (Doodle). ബാറ്റും പിടിച്ച് വിക്കറ്റുകൾക്കിടയിലൂടെ ഓടുന്ന രണ്ട് താറാവുകളെ കാർട്ടൂൺ സ്‌കേപ്പിലും ഗൂഗിളിലെ 'L' എന്ന അക്ഷരത്തിനെ ബാറ്റാക്കി മാറ്റിയുമാണ് ലോകകപ്പ് ക്രിക്കറ്റിന്‍റെ ആഘോഷം ഡൂഡിൽ അവതരിപ്പിച്ചത്. കൂടാതെ സെർച്ച് ബാറിന് തൊട്ടു പിന്നിൽ ഒരു ബാറ്റ് - ബോൾ ഘടകവും സെർച്ച് ബാറിന് മുൻപുള്ള ലോഗോയിൽ ഗൂഗിളിന്‍റെ (Google) രണ്ടാമത്തെ 'O' എന്ന അക്ഷരത്തിന് പകരം ഒരു ബോളും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെല്ലാം ഗൂഗിൾ ലോകകപ്പ് സ്‌പെഷ്യൽ അപ്‌ഡേഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ ഡൂഡിൽ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ന്‍റെ ഉദ്‌ഘാടന ദിനം (Cricket World Cup Opening Day) ആഘോഷിക്കുന്നതായും 1975 ൽ ആരംഭിച്ചതിന് ശേഷമുള്ള 13 മത് ലോകകപ്പിൽ ഇന്ത്യക്കാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നതിനുള്ള അവസരം ലഭിച്ചതെന്നും എല്ലാ ടീമുകൾക്കും ആശംസകൾ അറിയിക്കുന്നുവെന്നും ഡൂഡിൽ വിവരിച്ചുകൊണ്ട് ഗൂഗിൾ കുറിച്ചു.
10 ദിവസങ്ങളിലായി 42 ദിവസമാണ് ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കുന്നത്. 10 ടീമുകൾ ഏറ്റുമുട്ടുന്ന 48 മത്സരങ്ങളാണുള്ളത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഫൈനലിസ്റ്റുകളായ ന്യൂസിലൻഡിനെയാണ് നേരിടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആദ്യ കളി ആരംഭിക്കുക.