സാൻ ഫ്രാൻസിസ്‌കോ:ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എൻജിൻ സോഫ്റ്റ്‌വെയറായ ചാറ്റ്‌ജിപിടി തന്നെ ലൈംഗിക പീഡനക്കേസിലെ പ്രതിയായി ചിത്രീകരിച്ചു എന്ന പരാതിയുമായി ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ. യൂണിവേഴ്‌സിറ്റിയിലെ ലോ പ്രൊഫസറായ ജോനാഥൻ ടർലിയാണ് വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച നിയമ പണ്ഡിതരുടെ പേരിൽ തന്‍റെ പേരും ഉൾപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഗവേഷണ പഠനത്തിന്‍റെ ഭാഗമായി ജോനാഥൻ ടർലിയുടെ സഹപ്രവർത്തകൻ ചാറ്റ്‌ജിപിടിയിൽ വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച നിയമ പണ്ഡിതരുടെ പേര് വിവരങ്ങൾ തിരയുമ്പോഴായിരുന്നു ജോനാഥൻ ടർലിയുടെ പേരും അതിൽ കാണാനായത്. ഉടൻ തന്നെ സഹപ്രവർത്തകൻ ഇ മെയിലിലൂടെ ജോനാഥൻ ടർലിയെ ഈ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു.
അലാസ്‌കയിലേക്കുള്ള ഒരു യാത്രയിൽ താൻ നിയമ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയെന്നും തനിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിന്‍റെ വാർത്ത 2018ലെ വാഷിങ്‌ടൺ പോസ്റ്റ് ലേഖനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമാണ് ചാറ്റ്‌ജിപിടി അറിയിച്ചത്. എന്നാൽ താൻ ഒരിക്കൽ പോലും വിദ്യാർഥികളോടൊപ്പം അലാസ്‌കയിൽ പോയിട്ടില്ലെന്നും വാഷിങ്ടൺ പോസ്റ്റ് അത്തരത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ജോനാഥൻ ടർലി വ്യക്‌തമാക്കി.
തനിക്കെതിരെ ഒരിക്കൽ പോലും ലൈംഗിക പീഡന ആരോപണം ഉണ്ടായിട്ടില്ലെന്നും ടർലി പറഞ്ഞു. തെറ്റായ ആരോപണം ചാറ്റ്‌ജിപിടി സൃഷ്‌ടിച്ചു എന്ന് മാത്രമല്ല നിലവിലില്ലാത്ത ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയാണ് അവ നിർമിച്ചത് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്നും ജോനാഥൻ ടർലി കൂട്ടിച്ചേർത്തു. അതേസമയം ഒട്ടേറെ പരാതികളാണ് എഐ വിസ്‌മയമായ ചാറ്റ്ജിപിടിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്.