റിച്ച്മണ്ട്(വെര്‍ജീനിയ) :രാജ്യത്ത് റഷ്യയുടെ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നിറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. രാജ്യത്തെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിന് റഷ്യ ലക്ഷ്യമിടുന്നെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് ബൈഡന്‍റെ മുന്നറിയിപ്പ്.
ഉപരോധത്തിലൂടെ റഷ്യയ്‌ക്കുണ്ടായ സാമ്പത്തിക നഷ്‌ടത്തിൽ അവർക്ക് അമർഷമുണ്ടെന്നും അതിനാൽ സൈബർ അറ്റാക്കിന്‍റെ സാധ്യത അവർ പരമാവധി ഉപയോഗപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. രാജ്യത്തെ പ്രധാന കമ്പനികളോടും കരുതിയിരിക്കണമെന്ന് സൈബർ ആക്രമണത്തെ പ്രതിരോധിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും ബൈഡൻ നിർദേശിച്ചു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്ത് വളരെ മുൻപേ തന്നെ റഷ്യൻ ഹാക്കർമാരുടെ ഭീഷണിയെപ്പറ്റി ഫെഡറൽ സര്‍ക്കാര്‍ യുഎസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചില പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതായി ബൈഡന്‍റെ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആനി ന്യൂബർഗർ പറഞ്ഞു.