വിപണി കീഴടക്കാനൊരുങ്ങി ഔഡി ക്യൂ8 ഇ-ട്രോൺ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് കാറായ ഔഡി ക്യൂ8 ഇ-ട്രോൺ (Q8 e-tron) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈൻ കൊണ്ടും സാങ്കേതിക വിദ്യ കൊണ്ടും വിസ്‌മയിപ്പിക്കുന്ന ക്യൂ8 ഇ-ട്രോണ്‍ ഓഗസ്റ്റ് 18 ന് വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 1.4 കോടി മുതൽ 1.7 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. ക്യു8 ഇ-ട്രോൺ എസ്‌യുവി, ക്രോസ്ഓവർ ലുക്കിലുള്ള ക്യു 8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നീ രണ്ട് വേരിയന്‍റുകളിലാണ് കാർ പുറത്തിറങ്ങുന്നത്.
പെർഫോമൻസ്, ഡ്രൈവിങ് റേഞ്ച്- വിപുലമായ ഇലക്‌ട്രിക് പവർട്രെയിനാണ് ക്യു8 ട്രോണിന് നൽകിയിരിക്കുന്നത്. ഔഡിയുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയായ ഇ- ട്രോണിന്‍റെ 95 kWh ബാറ്ററിയെ അപേക്ഷിച്ച് 114 kWh ന്‍റെ വലിയ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 600 കിലേമീറ്റർ വരെ റേഞ്ച് ഇത് വാഗ്‌ദാനം ചെയ്യുന്നു. 408 എച്ച്‌പി പവറും 664 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബാറ്ററി പായ്ക്ക് നൽകുന്നത്.
ഓട്ടോ, ഡൈനാമിക്, ഓഫ്-റോഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഇ-ക്വാട്രോ ഇലക്ട്രിക് ഫോർ വീൽ ഡ്രൈവ് ടെക്‌നോളജി ഫീച്ചർ ചെയ്യുന്ന ക്യൂ8 ഇ-ട്രോൺ ഹൈവേകളിലും ഓഫ് റോഡുകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. വെർച്വൽ കോക്ക്പിറ്റ്, മസാജ് ഫീച്ചർ, മെമ്മറി ഫംഗ്‌ഷൻ ഉപയോഗിച്ച് പവർ അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾക്കുള്ള വെന്‍റിലേഷൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ വാഹനത്തിന് നൽകിയിട്ടുണ്ട്.
170 കിലോവാട്ട് ഫാസ്റ്റ് ചാർജിങ്ങ് : മുൻവശത്തെ വാതിലുകൾക്ക് സമീപം ഇരുവശത്തും ചാർജിങ് സ്ളോട്ടുകൾ നൽകിയിട്ടുണ്ട്. ഇതിനാൽ തന്നെ ഏത് വശത്ത് പാർക്ക് ചെയ്‌തും വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്നു. ഈ സ്ലോട്ടിൽ എസി, ഡിസി ചാർജിങ് പോയിന്‍റുകൾ നൽകിയിട്ടുണ്ട്. ഡിസി 170 കിലോവാട്ട് ഫാസ്റ്റ് ചാർജിങ്ങും, എസി 22 കിലോവാട്ട് ചാർജിങ്ങുമാണ് പ്രദാനം ചെയ്യുക. ഡിസി ചാർജറിന് 31 മിനിറ്റിനുള്ളിൽ 10 മുതല്‍ 80 ശതമാനം വരെ കാർ ചാർജ് ചെയ്യാൻ കഴിയും
എയർ അയോണൈസറും അരോമാറ്റിസേഷനും ഉള്ള 4-സോൺ എയർകണ്ടീഷണർ, ഇലക്ട്രിക് സൺറൂഫ് എന്നിവയും കാറിൽ സജ്ജമാക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും ഉള്ള സീറ്റുകളിൾക്കിടയിൽ നൽകിയിട്ടുള്ള വിശാലമായ സ്‌പേസ് വാഹനത്തിന് റൂം ഫീൽ നൽകുന്നു. 16 സ്‌പീക്കറുകൾ ഉൾക്കൊള്ളുന്ന 3D ശബ്‌ദത്തോട് കൂടിയ ബാംഗ് & ഒലുഫ്‌സെൻ പ്രീമിയം സൗണ്ട് സ്‌പീക്കർ സിസ്റ്റമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മധ്യഭാഗത്തുള്ള ഡ്യുവൽ ടച്ച് സ്‌ക്രീനിൽ 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും 8.6-ഇഞ്ച് സ്‌ക്രീനും ഉൾപ്പെടുന്നു. ഓഡി ക്യു 8 ഇ-ട്രോണിന് പുതുക്കിയ ഗ്രില്ലാണ് ലഭിക്കുക. ഓഡിയുടെ 2D ലോഗോയ്‌ക്കൊപ്പം ഗ്രില്ലിന് മുകളിൽ ലോഗോയ്ക്ക് പ്രകാശം താഴേക്ക് പ്രൊജക്റ്റ് ചെയ്യാൻ രൂപകൽപന ചെയ്‌ത ഒരു ലൈറ്റ് ബാർ ലഭിക്കുന്നു. ഇത് വാഹനത്തിന് ഫ്ലോട്ടിങ് ലുക്ക് നൽകുന്നു.
360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, സ്‌പീഡ് ലിമിറ്റർ, ഫംഗ്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവയും വാഹനത്തിന്‍റെ സവിശേഷതയാണ്. കാറിന്‍റെ ഇരുവശത്തുമുള്ള എയർ ഇൻടേക്കുകളും ബമ്പറും വളരെ വലുതാണ്. രണ്ട് ഇ-ട്രോൺ കാറുകൾക്കും 20 ഇഞ്ച് അലോയ് വീലുകളും, ബ്ലാക്ക്-ഔട്ട് ബി-പില്ലറിൽ ഔഡി, ക്യു8 ഇ-ട്രോൺ ക്വാട്രോ എന്നീ അക്ഷരങ്ങളും ലഭിക്കും.