സാൻ ഫ്രാൻസിസ്കൊ (അമേരിക്ക):ടെക്ക് ഭീമന്മാരായ ആപ്പിളിന്‍റെ പ്രൊഡക്റ്റുകളിൽ സുരക്ഷ പിഴവ്. ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ ഗുരുതര സുരക്ഷ പിഴവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആപ്പിൾ. ഈ പിഴവിലൂടെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.
അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം: സുരക്ഷ പിഴവിലൂടെ ഫോൺ പൂർണമായി ഹാക്കർക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണ് ആപ്പിൾ പറയുന്നത്. അതുകൊണ്ട് എത്രയും വേഗം ഡിവൈസ് അപ്ഡേറ്റ് ചെയ്യണമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകി. ഐഫോണിന്‍റെ 6എസും അതിന്‍റെ മുമ്പ് പുറത്തിറക്കിയ മോഡലുകളും, 5th ജനറേഷൻ ഐപാഡ്, ഐപാഡ് പ്രൊ മോഡൽസ്, ഐപാഡ് എയർ 2 , MacOS Montereyൽ പ്രവർത്തിക്കുന്ന മാക് കമ്പ്യൂട്ടറുകളിലുമാണ് സുരക്ഷ പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഈ പിഴവ് ചില ഐപോഡ് മോഡലുകളെയും ബാധിക്കും.
ഫോൺ ഹാക്ക് ചെയ്‌ത് കഴിഞ്ഞാൽ, ആൾമാറാട്ടം നടത്താനും, ഫോണിൽ ഏതെങ്കിലും സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് ആപ്പിൾ സോഷ്യൽ പ്രൂഫ് സെക്യൂരിറ്റി സിഇഒ റേച്ചൽ ടോബാക്ക് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്‌ച (17-8-2022) സുരക്ഷ പിഴവിനെകുറിച്ച് ആപ്പിൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ ടെക്ക് ലോകത്തിനപ്പുറത്തേക്ക് ഈ വിവരം എത്തിയിരുന്നില്ല.
എന്നാൽ എങ്ങനെയാണ് ഈ ഗുരുതര പിഴവ് സംഭവിച്ചതെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. ഇസ്രായേലിന്‍റെ എൻഎസ്ഒ ഗ്രൂപ്പ് പോലുള്ള സ്പൈവെയർ കമ്പനികൾ ഇത്തരം പിഴവുകൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻഎസ്ഒ ഗ്രൂപ്പിനെ യുഎസ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. NSO ഗ്രൂപ്പിന്‍റെ സ്പൈവെയർ യൂറോപ്പ്, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പത്രപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഫോണിലുള്ള വിവരങ്ങൾ ചോർത്തിയിട്ടുണ്ട്.