കാലിഫോര്‍ണിയ: രണ്ടാം തലമുറ ഹോംപോഡുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. വിപണിയില്‍ നിന്നും ഒന്നാം തലമുറ ഹോംപോഡുകള്‍ പിന്‍വലിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനിങ്ങിനൊപ്പം മെച്ചപ്പെട്ട ശബ്‌ദ സംവിധാനവുമാണ് രണ്ടാം തലമുറ ആപ്പിള്‍ ഹോംപോഡ് വാഗ്‌ദാനം ചെയ്യുന്നത്.
പുതിയ ഹോംപോഡിന് വെള്ള, മിഡ് നൈറ്റ് കളര്‍ ഓപ്ഷനുകളാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ 32,900 രൂപയാണ് രണ്ടാം തലമുറ ആപ്പിള്‍ ഹോംപോഡുകളുടെ വില. ഫെബ്രുവരി മൂന്ന് മുതലാണ് ഇവ വില്‍പ്പനയ്‌ക്കെത്തുക.
എസ് 7 പ്രോസസറാണ് സ്‌മാര്‍ട് സ്‌പീക്കറില്‍ ഉപയോഗിച്ചിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌ത ആപ്പിള്‍ സിരി പേഴ്‌സണല്‍ അസിസ്റ്റന്‍റ് സംവിധാനവും സ്‌പീക്കറില്‍ ലഭ്യമാണ്. വിവിധ സ്‌മാര്‍ട് ഹോം ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് ഹോംപോഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
മുറിക്കുള്ളിലെ ടെമ്പറേച്ചര്‍, ഹ്യുമിഡിറ്റി എന്നിവ തിരിച്ചറിയുന്ന സെന്‍സറുകളും പുതിയ ഹോംപോഡിലുണ്ട്. കൂടാതെ മികച്ച ബാസ് (BASS) അനുഭവം സമ്മാനിക്കുന്ന വൂഫറും ഹോംപോഡിന്‍റെ പ്രത്യേകതയാണ്. ഒരു വൂഫറിനൊപ്പം അഞ്ച് ട്വീറ്ററുകളുമാണ് സ്‌മാര്‍ട് സ്‌പീക്കറിനുള്ളത്.
ഒന്നാം പതിപ്പില്‍ ഏഴ് ട്വീറ്ററുകളുണ്ടായിരുന്നു. പുതുക്കിയ വെര്‍ഷനില്‍ മൈക്കുകളുടെ എണ്ണവും നാലാക്കി കുറച്ചു. ഒന്നാം തലമുറ ഹോംപോഡില്‍ ആറ് മൈക്കുകളാണ് ഉണ്ടായിരുന്നത്.
റൂം സെന്‍സിങ് സാങ്കേതിക വിദ്യയിലൂടെ ഹോംപോഡ് സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ പ്രതിധ്വനിക്കുന്ന ശബ്‌ദം തിരിച്ചറിഞ്ഞ് ശബ്‌ദക്രമീകരണം നടത്താന്‍ അതിന് സാധിക്കും. പരസ്‌പരം രണ്ട് ഹോംപോഡുകള്‍ ബന്ധിപ്പിക്കുന്നതിലൂടെ സ്റ്റീരിയോ ശബ്‌ദാനുഭവം മികച്ച രീതിയില്‍ തന്നെ ശ്രോതാവിന് ആസ്വദിക്കാന്‍ സാധിക്കും.
പുതിയ ഹോംപോഡ് ബന്ധിപ്പിക്കാന്‍ സാധിക്കും:ഐഫോണ്‍ എസ്ഇ 2, അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകള്‍, ഐഒഎസ് 16 ലും അതിന് ശേഷം പുറത്തിറങ്ങിയ പതിപ്പുകള്‍, ഇവ കൂടാതെ ഐപാഡ് പ്രോ, ഐപാഡ് (അഞ്ചാം തലമുറ), അതിന് ശേഷമുള്ളവ, മൂന്നാം തലമുറ ഐപാഡ് എയറിലും ശേഷമുള്ളവയും, അഞ്ചാം തലമുറ ഐപാഡ് മിനിയിലും അതിന് ശേഷമുള്ളവയിലും അല്ലെങ്കില്‍ ഐപാഡ് 16.3 യിലും അതിന് ശേഷം പുറത്തിറങ്ങിയ പതിപ്പുകളിലും പുതിയ ഹോംപോഡ് ബന്ധിപ്പിക്കാനാവും.