ജനീവ:വരും മാസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും, മരണ സംഖ്യയിലും വര്‍ധനവ് ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ ലോകത്താകമാനം കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യമാണ് ഉളളത്. എന്നാല്‍ വടക്കന്‍ അര്‍ധഗോളത്തില്‍ തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതിലൂടെ ഈ സ്ഥിതി മാറിയേക്കാമെന്നും, കൊവിഡ് മൂലം ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
നിലവില്‍ കണ്ടെത്തിയിട്ടുള്ള ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് കൂടുതല്‍ അപകടകാരികാളായ പുതിയ വൈറസ് വകഭേദത്തെ സൃഷ്‌ടിക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികാവസ്ഥയില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ആളുകള്‍ക്കിടയില്‍ ഇപ്പോഴും വാക്‌സിനേഷന്‍ നിരക്ക് കുറവാണെന്നും ചൈനീസ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
സാമ്പത്തികാവസ്ഥയില്‍ മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും 30 ശതമാനം ആരോഗ്യ പ്രവർത്തകരും 20 ശതമാനം പ്രായമായ ആളുകളും വാക്‌സിനേഷൻ സ്വീകരിക്കാന്‍ മടിക്കുന്നുണ്ട്. ഇത് അപകടകരമായ പ്രവണതയാണെന്നും, വലിയ വിപത്ത് ഒഴിവാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡബ്ലിയു എച്ച് ഒ മേധാവി അഭിപ്രായപ്പെട്ടു.
കൊവിഡിനൊപ്പം ജീവിക്കുക എന്ന് പറയുന്നത് മഹാമാരി അവസാനിച്ചതിനാലല്ല. അതുപോലെ തന്നെ വൈറസ് വ്യാപിക്കുന്നില്ലെന്നുള്ള തോന്നലോടെയുള്ള പ്രവര്‍ത്തികളും അപകമാണ്. കൊവിഡ് 19 നൊപ്പം ജീവിക്കുക എന്ന് അര്‍ഥമാക്കുന്നത് രോഗബാധിതരാകാതിരിക്കാനുള്ള ചെറിയ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകാരോഗ്യ സംഘടന അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 15 മുതൽ 21 വരെയുള്ള ആഴ്‌ചയില്‍ പ്രതിവാര കേസുകളുടെ എണ്ണത്തില്‍ 9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പുതിയ കണക്കുകള്‍ പ്രകാരം പ്രതിവാര മരണ സംഖ്യയുടെ എണ്ണത്തിലും 15 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.