ബ്രസല്‍സ്:കയറ്റുമതി ചെയ്യുന്ന റഷ്യന്‍ അസംസ്കൃത എണ്ണയ്ക്ക് വില പരിധി നിശ്ചയിച്ച്(price cap) യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും ഓസ്ട്രേലിയയും. റഷ്യയുടെ വരുമാനം കുറയ്ക്കുകയും അതേസമയം തന്നെ ലോക വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വലിയ രീതിയില്‍ വില വര്‍ധന ഉണ്ടാവുന്നത് തടയുകയുമാണ് ലക്ഷ്യം. ഒരു ബാരലിന് 60 യുഎസ് ഡോളര്‍ എന്ന വില പരിധിയാണ് നിശ്ചയിച്ചത്.
ഡിസംബര്‍ അഞ്ച് മുതല്‍ ഈ വില നിയന്ത്രണം നിലവില്‍ വരുമെന്ന് യൂറോപ്യന്‍ യൂണിയന് അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ യൂറോപ്യന്‍ യൂണിയന് റഷ്യയില്‍ നിന്നുള്ള കപ്പല്‍ വഴിയുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിരോധിക്കുകയാണ്. ഈ നിരോധനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായുള്ള സേവനങ്ങള്‍ നല്കാന് യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പല്‍, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് കമ്പനികള്‍ ഉണ്ടാവില്ല.
എന്നാല്‍ വില പരിധി നയം സ്വീകരിച്ചതോടെ നിശ്ചയിക്കപ്പെട്ട വിലയില്‍ റഷ്യ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ തയ്യാറായാല്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കാം. അന്താരാഷ്ട്ര തലത്തില്‍ ഷിപ്പിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗങ്ങളിലെ മേധാവിത്വമാണ് വിലപരിധി ചുമത്തുന്നതിനുള്ള കെല്‍പ്പ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് റഷ്യ നിലവില്‍ അസംസ്കൃത എണ്ണ കയറ്റുമതിക്കായി ഉപയോഗിക്കുന്ന 55ശതമാനം കപ്പലുകളും ഗ്രീക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടേതാണ്.
ഇപ്പോള്‍ നിശ്ചയിച്ച 60 ഡോളര്‍ എന്നത് റഷ്യ നിലവില്‍ ഇന്ത്യക്കും ചൈനയ്ക്കും വില്‍ക്കുന്ന അസംസ്കൃത എണ്ണയുടെ വിലയോട് അടുത്തുള്ളതാണ്. 60 മുതല്‍ 65 ഡോളര്‍ വരെയുള്ള വിലയ്ക്കാണ് ഇരു രാജ്യങ്ങള്‍ക്കും റഷ്യ അസംസ്കൃത എണ്ണ വില്‍ക്കുന്നത്. വില പരിധി നിശ്ചയിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞു. കഴിഞ്ഞ മാസത്തിനേക്കാള്‍ 10 ശതമാനം കുറവാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര വില.
വില പരിധി ഒരോ രണ്ട് മാസം കൂടുമ്പോഴും പുനഃപരിശോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. റഷ്യന്‍ അസംസ്കൃത എണ്ണയുടെ വിപണി വിലയേക്കാള്‍ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും കുറവ് വരുത്തിയാണ് വിലപരിധി നിശ്ചയിക്കുക. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ പെട്ടെന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി.
എന്നാല്‍ പാശ്ചത്യ രാജ്യങ്ങള്‍ നിശ്ചയിക്കുന്ന വിലപരിധിക്ക് അനുസരിച്ച് അസംസ്കൃത എണ്ണ ഒരു രാജ്യത്തിനും വില്‍ക്കില്ല എന്നാണ് റഷ്യ നിരന്തരം വ്യക്തമാക്കിയത്. എന്നാല്‍ വില പരിധി റഷ്യ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്ന വിലയ്ക്ക് അടുത്തായതിനാല്‍ വില പരിധി അംഗീകരിച്ചാലും പാശ്ചാത്യ രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് റഷ്യ വഴങ്ങി എന്ന പ്രതീതി സൃഷ്ടിക്കില്ല.