ചെറിയൊരു ഇടവേളയ്ക്ക ശേഷം വീണ്ടും അല്‍ഖ്വയ്ദ വാര്‍ത്തകളില്‍ നിറയുന്നു. 2022 ഓഗസ്റ്റ് 2 പുലര്‍ച്ചെ ലോകം കേട്ട പ്രധാന സംഭവങ്ങളില്‍ ഒന്ന് അല്‍ ഖ്വയ്ദ തലവൻ അയ്‌മൻ അൽ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചുവെന്നതാണ്. പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് യു.എസ് മാധ്യമങ്ങളിലൂടെ രംഗത്ത് എത്തി.
നീതി നടപ്പാക്കിയെന്നാണ് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത്. ഇതിന് മുമ്പും പലവട്ടം സവാഹിരിയെ വധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പക്ഷേ അതിനൊക്കെ ശേഷം വീണ്ടും "ഞാൻ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നുവെന്ന്" വീഡിയോ സന്ദേശങ്ങളിലൂടെ വിളിച്ചു പറഞ്ഞു ഈ ആഗോള ഭീകരൻ. അമേരിക്കയ്ക്ക് ലോക നീതി നടപ്പാക്കാൻ പോന്നടുത്തോളം ആരായിരുന്നു ഈ അയ്‌മൻ അൽ സവാഹിരി.
11 വര്‍ഷം മുമ്പ് ഉസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അല്‍ ഖ്വയ്ദയുടെ പ്രധാനമുഖം. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ. ഇതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ നേത്രരോഗ വിദഗ്ധനായിരുന്ന സവാഹിരിയെ കുറിച്ച് പറയാനുള്ളത്.
പുഞ്ചിരിക്കുന്ന ഭീകരൻ: കണ്ണട ധരിച്ച് ചെറുതായി പുഞ്ചിരിച്ച് ബിൻലാദന്‍റെ ഫോട്ടോകളിൽ സ്ഥിരമായി കണ്ടിരുന്നയാൾ. 1951 ജൂൺ 19ന് ജനനം. കുട്ടിക്കാലം മുതൽ എല്ലാത്തിനെയും മതപരമായി നിരീക്ഷിച്ച അദ്ദേഹം സുന്നി ഇസ്‌ലാമിക നവോത്ഥാനത്തിന്‍റെ അക്രമാസക്തമായ ശാഖയിൽ മുഴുകി.
1981ൽ ഈജിപ്‌ത് പ്രസിഡന്‍റ് അൻവർ സാദത്തിനെ മതമൗലികവാദികൾ കൊലപ്പെടുത്തിയതിന് ശേഷം ഈജിപ്ത് ജയിലിൽ അടക്കപ്പെട്ട നൂറുകണക്കിന് തീവ്രവാദികളിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് 7 വർഷത്തിന് ശേഷം (1988) ബിൻ ലാദൻ അൽഖ്വയ്‌ദ സ്ഥാപിക്കുമ്പോൾ അല്‍ സവാഹിരിയും ഒപ്പം ഉണ്ടായിരുന്നു. അല്‍ സവാഹിരി തന്‍റെ ഈജിപ്ഷ്യൻ തീവ്രവാദ ഗ്രൂപ്പിനെ അൽഖ്വയ്‌ദയിൽ ലയിപ്പിച്ചു. തുടർന്ന് ലോകമെമ്പാടും ആക്രമിക്കാൻ അൽഖ്വയ്‌ദയെ അനുവദിച്ചു. ഉസാമ ബിൻ ലാദനെയും മറ്റ് ആഗോള തീവ്രവാദികളെയും സഹായിക്കുന്നതിനായി റാലി നടത്തിയതിലൂടെയാണ് സവാഹിരി ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.
9/11ന് ശേഷം അൽ സവാഹിരി അഫ്‌ഗാൻ-പാകിസ്ഥാൻ അതിർത്തി മേഖലയിൽ അൽഖ്വയ്‌ദയുടെ നേതൃത്വം ഏറ്റെടുത്തു. മാത്രമല്ല ഇറാഖ്, ഏഷ്യ, യമൻ എന്നിവിടങ്ങളിലെ ശാഖകളുടെ പരമോന്നത നേതാവും ആയിരുന്നു. പിന്നീടും ശത്രുക്കളെ ലക്ഷ്യം വച്ച് വർഷങ്ങളോളം നിരവധി ആക്രമണങ്ങൾ നടത്തി. ബാലി, മൊംബാസ, റിയാദ്, ജക്കാർത്ത, ഇസ്‌താംബുൾ, മാഡ്രിഡ്, ലണ്ടൻ എന്നിവിടങ്ങളിലും ആക്രമണങ്ങൾ നടത്തി.
2005ൽ ലണ്ടനിൽ 52 പേർ കൊല്ലപ്പെട്ട ആക്രമണമാണ് അൽഖ്വയ്‌ദയുടെ പശ്ചിമേഷ്യയിലെ ഒടുവിലത്തെ വിനാശകരമായ പ്രവൃത്തി. യുഎസും മറ്റുള്ളവരും വിക്ഷേപിച്ച ഡ്രോൺ ആക്രമണങ്ങളും ഭീകരവിരുദ്ധ റെയ്‌ഡുകളും മിസൈലുകളും അൽഖ്വയ്‌ദയുമായി ബന്ധപ്പെട്ട പോരാളികളെ കൊന്നൊടുക്കുകയും നെറ്റ്‌വർക്കിന്‍റെ ഭാഗങ്ങൾ തകർക്കുകയും ചെയ്‌തു.
കൊല്ലപ്പെട്ടത് എങ്ങനെ: മാസങ്ങളോളം ചെലവഴിച്ചാണ് സവാഹിരിക്ക് എതിരെയുള്ള ആക്രമണം അമേരിക്ക ആസൂത്രണം ചെയ്‌തത്. അഫ്‌ഗാനിസ്ഥാനിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യം കുറച്ചുകാലമായി പരക്കെ സംശയിക്കപ്പെട്ടിരുന്നു. കാബൂളിലെ രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്‌മൻ അൽ സവാഹിരിക്കുമേൽ ഞായറാഴ്‌ച ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
അൽഖ്വയ്‌ദയുടെ ഭാവി ഇനി:പതിറ്റാണ്ടുകളായുള്ള സ്‌ട്രൈക്കുകൾക്ക് ശേഷം അൽഖ്വയ്‌ദ ഇന്ന് വളരെ നേർത്ത ഗ്രൂപ്പാണ്. അൽഖ്വയ്‌ദ ഇന്ന് പിന്തുടർച്ച പ്രതിസന്ധിയും തകർച്ചയും അഭിമുഖീകരിക്കുകയാണ്. ഇത് മറികടക്കാൻ മറ്റ് ഗ്രൂപ്പുകളിലേക്ക് മാറിയ അൽഖ്വയ്‌ദ വിട്ടുപോയവരെ തിരികെ കൊണ്ടുവരിക എന്നതാണ് നീക്കം. ഇയാൾക്ക് ശേഷം ആരാണ് അൽഖ്വയ്‌ദ നേതാവായി വരുന്നത് എന്നത് ഉയർന്നുവരുന്ന ചോദ്യമാണ്. അൽഖ്വയ്‌ദയിൽ അൽ അദ്‌ലിന്‍റെ ആദരണീയമായ പദവിയും അദ്ദേഹത്തിന്‍റെ ചരിത്രവും സെയ്‌ഫ് അൽ അദ്‌ലിനെ അൽഖ്വയ്‌ദ വിദഗ്‌ധനാക്കിയേക്കാം എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ.
അഫ്‌ഗാനിസ്ഥാനിൽ എത്രനാൾ:അൽ സവാഹിരി അഫ്‌ഗാനിസ്ഥാനിൽ എത്രനാൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എന്നാൽ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് പരക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്ന് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്സിലെ മധ്യേഷ്യൻ വിദഗ്‌ധനായ അസ്‌ഫന്ദ്യാർ മിർ പറഞ്ഞു. അത് കൂടാതെ, അൽ സവാഹിരി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട് മുതിർന്ന താലിബാൻ നേതാവ് സിറാജുദീൻ ഹഖാനിയുടെ ഒരു ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. താലിബാനിലുള്ള ആരെങ്കിലും തന്നെയാകാം അൽ സവാഹിരിയെ ഒറ്റുകൊടുത്തതെന്നാണ് പരക്കെയുള്ള അഭ്യൂഹം.
എന്നാൽ 1990കളുടെ മധ്യത്തിൽ അൽഖ്വയ്‌ദയുടെ നേതാക്കളെ ഏറ്റെടുത്ത് 9/11 ആക്രമണത്തിന് ആസൂത്രണം ചെയ്യാൻ അനുവദിച്ചത് താലിബാൻ സർക്കാരാണ്. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനത്ത് അൽ-സവാഹിരിയുടെ മരണത്തിന് ശേഷമുള്ള പ്രധാന ആശങ്ക യുഎസ് പിൻവാങ്ങലിന്‍റെ പശ്ചാത്തലത്തിൽ താലിബാൻ സായുധ തീവ്രവാദ സംഘടനകൾക്ക് അഫ്‌ഗാനിസ്ഥാനിൽ താമസസൗകര്യം ഒരുക്കുന്നു എന്നതാണ്.