കേരളം

kerala

ETV Bharat / opinion

അമിതഭാരമാണോ പ്രശ്‌നം? കുറയ്ക്കാം‌ ലളിതമായ മാര്‍ഗങ്ങളിലൂടെ; അറിയേണ്ടതെല്ലാം

ലളിതമായ ജീവിത രീതികളിലൂടെ ശരീര ഭാരം കുറക്കാനാകും. ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം എന്നറിയാം. ഭാരം കുറക്കാന്‍ ചെയ്യേണ്ട ചെറു വ്യായാമങ്ങള്‍.

You may only need to make small changes to your daily routine  Simple Ways to lose weight  Ways to lose weight  അമിതഭാരമാണോ പ്രശ്‌നം  ശരീര ഭാരം കുറക്കാം  ശരീര ഭാരം  ജീവിത രീതിയില്‍ മാറ്റം വരുത്തേണ്ടത് എങ്ങനെ  കോഫി  ആരോഗ്യം  അമിത വണ്ണം  അമിത ഭാരം കുറക്കാനുള്ള വഴികള്‍  അമിത ഭാരം കുറക്കാനുള്ള മാര്‍ഗങ്ങള്‍
അമിത ഭാരം കുറക്കാനുള്ള മാര്‍ഗങ്ങള്‍

By

Published : Jan 20, 2023, 8:03 PM IST

ലോഗ്ബറോ (യുകെ): ശാരീരിക സൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ശരീരഭാരം. നല്ല ചുറുചുറുക്കുള്ള വടിവൊത്ത ശരീരമായിരിക്കുകയെന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരു പുതുവര്‍ഷം കടന്ന് വരുമ്പോള്‍ മിക്കവരും എടുക്കുന്ന പുതിയ തീരുമാനങ്ങളിലൊന്ന് ശരീര ഭാരം കുറക്കുകയെന്നതായിരിക്കും.

പുതുവര്‍ഷം ആരംഭിക്കുന്നതോട് കൂടി തന്നെ പലരും ഇതിനായി കഠിനമായി പ്രയത്‌നിക്കും. ഭാരം കുറക്കുന്നതിനായി ഭക്ഷണ ശൈലിയിലും ജീവിത ശൈലിയിലും പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഭാരം കുറക്കുകയെന്നത് അപ്രാപ്യമായ കാര്യമാണ്.

കലോറി കുറയ്‌ക്കുക: എടുത്ത തീരുമാനം വേഗത്തില്‍ നടപ്പിലാക്കാനാണ് പലരും ശ്രമിക്കുക. എന്നാല്‍ അതിന് പകരം ചെറിയ രീതിയില്‍ ആരംഭിച്ച് കുറച്ച് അധിക സമയമെടുത്ത് ഭാരം കുറക്കാന്‍ ശ്രമിക്കുന്നതാണ് ഏറെ ഗുണകരമാകുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീര ഭാരം കുറക്കുന്നതിനായുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് കഴിക്കുന്ന ഭക്ഷണത്തിലെ കലോറികള്‍ കുറക്കുകയെന്നത്.

അതായത് കലോറി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്‌ക്കുക. അതുപോലെ തന്നെ വിവിധ ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ എത്തി അടിഞ്ഞ് കൂടിയിട്ടുള്ള കലോറിയെ പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്യുക. സാധാരണ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ അധികം കലോറി അടങ്ങിയിട്ടുള്ള ഭക്ഷണം നിങ്ങള്‍ കഴിക്കുകയാണെങ്കില്‍ അതിനെ പുറന്തള്ളുന്നതിനായി വ്യായാമത്തിന്‍റെ സമയം വര്‍ധിപ്പിക്കുകയും ചെയ്യണം.

ദിവസവും വ്യായാമം ചെയ്‌ത് ശരീരത്തിലെ കലോറിയെ ഇല്ലാതാക്കുകയും തുടര്‍ന്ന് കഴിക്കുന്ന ഭക്ഷണത്തിലെ കലോറി കുറക്കാന്‍ ശ്രമിക്കുകയും വേണം. ഭാരം കുറക്കുന്നതിനായി സാധാരണ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഭാരം കുറക്കാന്‍ ആരംഭിക്കുമ്പോള്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരണം തുടര്‍ന്ന് അത് വലിയ രീതിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക.

ജീവിത രീതിയില്‍ മാറ്റം വരുത്തേണ്ടത് എങ്ങനെ?:ശരീര ഭാരം കുറക്കുന്നതിന് മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം മനസിനോട് തന്നെ ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറി കുറക്കുന്നതിനും ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കലോറിയെ പുറന്തള്ളുന്നതിനും തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്? ഭാരം കുറയ്‌ക്കുന്നതിന് നിങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രചോദനം ഇല്ലാതായാല്‍ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയുമോ?

ഇതിനെല്ലാം സ്വയം തീരുമാനമെടുക്കുകയും അതിനായി പരിശ്രമിക്കുകയുമാണ് വേണ്ടത്. അതായത് നിങ്ങളുടെ ശരീര ഭാരം കുറക്കാന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ജീവിത രീതിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നിങ്ങള്‍ സ്വയം എടുക്കുക.

ഭാരം കുറക്കാന്‍ എളുപ്പത്തില്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍:

നടന്ന് കൊണ്ട് സംസാരിക്കുക: ഫോണില്‍ സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ നടന്ന് കൊണ്ട് സംസാരിക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ 20 അല്ലെങ്കില്‍ 30 മിനിറ്റ് സംസാരിക്കുകയാണെങ്കില്‍ ഏകദേശം ശരീരത്തിലെ 100 കലോറി കുറക്കാനാകും.

ഇടവേളകള്‍ ഉപയോഗ പ്രദമാക്കുക: ടിവി കാണുകയാണെങ്കില്‍ ഓരോ പ്രോഗ്രാമിനം ഇടയിലും രണ്ടോ മൂന്നോ മിനിറ്റ് പരസ്യങ്ങളുണ്ടാകും. ഈ സമയം ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. അത് കൈകൊണ്ടോ കാലുകൊണ്ടോ ഉള്ളതാവാം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള വ്യായാമത്തിലൂടെ 100 കിലോ കലോറി കുറക്കാനാകും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:വെണ്ണ, മയോണൈസ്, കെച്ചപ്പ് എന്നിവ ഉപയോഗിക്കാന്‍ കൂടുതല്‍ ഇഷ്‌ടവുമുള്ളവരാണ് നമ്മളെല്ലാം. എന്നാല്‍ ഇവയില്‍ വലിയ തോതിലുള്ള കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന് 30 ഗ്രാം വെണ്ണയില്‍ (ഒരു ചെറിയ തീപ്പെട്ടിയുടെ വലിപ്പം) 100 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

30 ഗ്രാം മയോണൈസില്‍ (ഏകദേശം രണ്ട് സ്‌പൂൺ) 200 കലോറിയാണുള്ളത്. ഇവയെല്ലാം കഴിക്കുന്ന ശീലം ഒഴിവാക്കിയാല്‍ ശരീരത്തിലെത്തുന്ന വലിയ തോതിലുള്ള കലോറിയെ കുറക്കാന്‍ കഴിയും.

ബ്ലാക്ക് കോഫി മാത്രം കഴിക്കുക: ചൂടുള്ള പാനീയങ്ങളായ ലാറ്റ്സ്, കപ്പുച്ചിനോസ്, ഹോട്ട് ചോക്ലേറ്റ് എന്നിവയില്‍ വലിയ തോതിലുള്ള കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇതെല്ലാം ഒഴിവാക്കി ആവശ്യമെങ്കില്‍ മാത്രം അല്‌പം ബ്ലാക്ക് കോഫി കുടിക്കുക. ഇതെല്ലാം ഒഴിവാക്കിയാല്‍ വലിയ തോതില്‍ കലോറി ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ നമുക്ക് സാധിക്കും.

ഇത്തരത്തില്‍ വളരെ ലളിതമായ രീതിയില്‍ ഭക്ഷണ ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയും അത് ജീവിത ശൈലിയാക്കുകയും ചെയ്യാന്‍ ശ്രമിക്കുക. അതിലൂടെ ശരീരത്തിന്‍റെ അമിത ഭാരം കുറക്കാനും അതിലൂടെ ആരോഗ്യം സംരക്ഷിക്കാനും നമുക്ക് സാധിക്കും.

ABOUT THE AUTHOR

...view details