പത്തനംതിട്ട :മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് സൗകര്യം ഒരുക്കാന്‍ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി. മണ്ഡലവിളക്ക് കാലത്തേക്ക് ഡിസംബര്‍ 29 വരെയുള്ള ദര്‍ശനത്തിനുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സാധുവായ മൊബൈല്‍ നമ്പറോടെയാകണം ദര്‍ശനത്തിനുള്ള രജിസ്ട്രേഷന്‍ ചെയ്യേണ്ടത് (Sabarimala Virtual Queue Booking Begins).
അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആവശ്യമില്ല. ദര്‍ശനം നടത്താനുദ്ദേശിക്കുന്ന ദിവസത്തിന് ഒരു ദിവസം മുമ്പെങ്കിലും വെര്‍ച്വല്‍ ദര്‍ശന്‍ ടോക്കണ്‍ എടുത്തിരിക്കണം എന്നതാണ് വ്യവസ്ഥ. കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രമാണ് ശബരിമല. മണ്ഡല മകര വിളക്ക് സീസണില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമാവുക പതിവാണ് (Sabarimala Pilgrimage).
നിലക്കലിലും പമ്പയിലും തീര്‍ത്ഥാടകരുടെ വന്‍ തിരക്കും മണിക്കൂറുകളോളമുള്ള കാത്തിരിപ്പും ഒഴിവാക്കാനുദ്ദേശിച്ചാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കുന്നത്. കേരള പൊലീസും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ലോകത്തിന്‍റെ ഏതുഭാഗത്തുനിന്നും സ്ലോട്ട് ബുക്ക് ചെയ്യാനാവും. ഓരോ മണിക്കൂറിലും ഒരു നിശ്ചിത എണ്ണം തീര്‍ത്ഥാടകരെ പതിനെട്ടാംപടി കടന്നുപോകാന്‍ അനുവദിക്കുന്ന തരത്തിലാണ് വെര്‍ച്വല്‍ ക്യൂ ക്രമീകരിക്കുന്നത് (Sabarimala Mandala Makara Vilakku Festival).
ലോകത്തെവിടെയുമുള്ള അയ്യപ്പ ഭക്തര്‍ക്ക് ഓണ്‍ലൈനായി വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്യാവുന്നതാണ്. വെര്‍ച്വല്‍ ക്യൂ ടോക്കണുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ശബരിമല ദര്‍ശനത്തിന് അനുമതി ഉണ്ടാവുകയുള്ളൂ. രണ്ടുതരത്തില്‍ വെര്‍ച്വല്‍ ക്യൂ ടോക്കണ്‍ സ്വന്തമാക്കാം. ഓണ്‍ലൈനായും സ്പോട്ട് ബുക്കിങ് വഴിയും. സ്പോട്ട് ബുക്കിങ്ങിന് സംവിധാനമുള്ളത് പമ്പയിലും നിലക്കലിലുമാണ് (How can we Book Slot in Sabarimala Virtual Queue System).
വെര്‍ച്വല്‍ ടോക്കണ്‍ എടുക്കാതെ നേരിട്ട് പമ്പയിലും നിലക്കലിലും എത്തുന്ന ഭക്തര്‍ക്കാണ് സ്പോട്ട് ബുക്കിങ് വഴി ടോക്കണ്‍ നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവരെ പരിഗണിച്ച ശേഷം ആയിരിക്കും നിശ്ചിത എണ്ണം സ്പോട്ട് ബുക്കിങ് ടോക്കണുകള്‍ നല്‍കുക. ദര്‍ശന്‍ ടിക്കറ്റുകള്‍ ഓണ്‍ ലൈനായി കൈപ്പറ്റിയവരും ലഭിച്ച ദര്‍ശന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് പമ്പയില്‍ എത്തണം.
ഇത്തവണ മണ്ഡല വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത് നവംബര്‍ 16 നാണ്. ഡിസംബര്‍ 25 വരെയാണ് മണ്ഡല സീസണില്‍ ശബരിമല തീര്‍ത്ഥാടനം അനുവദിക്കുക. എന്നാല്‍ അതിന് മുമ്പ് നവംബര്‍ 10 നും പതിനൊന്നിനും ചിത്തിര ആട്ട മഹോല്‍സവത്തിനായും ശബരിമല നട തുറക്കും.
എങ്ങനെ ബുക്ക് ചെയ്യാം :ശബരിമല ദര്‍ശനത്തിനുള്ള വെർച്വൽ ക്യൂ ടോക്കണുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ എന്തുചെയ്യണമെന്ന സംശയം സ്വാഭാവികമാണ്. https://sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ശബരിമല വെര്‍ച്വല്‍ ക്യൂവിനുള്ള ദര്‍ശന്‍ ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. sabarimalaonline.org വഴി ദര്‍ശന്‍ ടോക്കണ്‍ ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങള്‍ ലളിതമായി ഇവിടെ വായിക്കാം.