മുകേഷ് ചന്ദ് മാഥുര്‍.. വോയിസ് ഓഫ് മില്ലേനിയം എന്നറിയപ്പെടുന്ന ബോളിവുഡിലെ വിഖ്യാത പിന്നണി ഗായകന്‍. വിഷാദ മധുരമായ സംഗീതം തീര്‍ത്ത് 1960കളില്‍ ബോളിവുഡില്‍ തന്‍റേതായൊരിടം കണ്ടെത്തിയ അതുല്യ പ്രതിഭ. 1973ലെ 'രജ്ഞിഗന്ധ' എന്ന സിനിമയ്‌ക്കായി 'കയീ ബാർ യൂഹി ദേഖാ ഹേ' എന്ന ഗാനം പാടി മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ പ്രിയ ഗായകന്‍.
മുകേഷിന്‍റെ 100-ാമത് ജന്മദിനമാണ് ഇന്ന്. ഇതിഹാസ ഗായകന്‍റെ 100-ാം ജന്മദിനം കെങ്കേമമായി ആഘോഷിക്കുകയാണ് കുടുംബാംഗങ്ങള്‍. ദക്ഷിണ മുംബൈയിലെ മുകേഷ് ചൗക്കില്‍ വച്ചാണ് ഗായകന്‍റെ നൂറാമത് ജന്മദിനം അദ്ദേഹത്തിന്‍റെ കുടുംബം ആഘോഷിക്കുന്നത്. അന്തരിച്ച ഗായകന്‍റെ എല്ലാ അഭ്യുദയകാംക്ഷികളെയും ആരാധകരെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പിറന്നാള്‍ ആഘോഷത്തെ കുറിച്ച് മുകേഷിന്‍റെ ചെറുമകനും നടനുമായ നീൽ നിതിൻ മുകേഷ് പ്രതികരിക്കുന്നുണ്ട്. 'ഞാനും എന്‍റെ കുടുംബവും മുത്തച്ഛന്‍റെ നൂറാമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, മുത്തച്ഛന്‍റെ ആരാധകര്‍ക്ക് വളരെ വിനയത്തോടും സ്നേഹത്തോടും കൂടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ പൈതൃകത്തിന്‍റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്‌തത് തീർച്ചയായും അഭിമാനകരമായ കാര്യമാണ്. അദ്ദേഹത്തെ പോലെ നമുക്കും നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകരെ, തലമുറകളളോളം രസിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. ഞങ്ങളെ സ്നേഹിച്ചതിന് നന്ദി. ജീന യഹാൻ മർനാ യഹാൻ ഇസ്‌കെ ശിവ ജാന കഹാൻ?' -നീൽ നിതിൻ മുകേഷ് പറഞ്ഞു.
ഡൽഹിയിൽ മാഥുർ കയാസ്‌ത കുടുംബത്തിലാണ് മുകേഷ് എന്ന ഈ അനശ്വര ഗായകന്‍റെ ജനനം. സൊറാവർ ചന്ദ് മാഥുര്‍ - ചന്ദ്രാണി മാഥുര്‍ ദമ്പതികളുടെ 10 കുട്ടികളില്‍ ആറാമനായി 1923 ജൂലൈ 22ന് ജനിച്ചു. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായിരുന്നു അച്ഛൻ സൊറാവർ ചന്ദ് മാഥുര്‍.
കുട്ടിക്കാലം മുതല്‍ മുകേഷിന് സംഗീതത്തോട് വാസനയുണ്ടായിരുന്നു. പ്രശസ്‌ത ഗായകനും നടനുമായ കെ എൽ സൈഗാളിന്‍റെ ആരാധകനായിരുന്നു. സൈഗാളിന്‍റെ പാട്ടുകൾ ഹൃദിഥമാക്കുക എന്നത് അദ്ദേഹത്തിന്‍റെ പ്രധാന വിനോദമായിരുന്നു. മുകേഷിന്‍റെ മൂത്ത സഹോദരിയുടെ വിവാഹത്തിനിടെയാണ്, നടനും മുകേഷിന്‍റെ ബന്ധുവുമായ മോത്തിലാല്‍ ആണ് അദ്ദേഹത്തിന് സംഗീതത്തോടുള്ള കഴിവിനെ തിരിച്ചറിയുന്നത്.