തിരുവനന്തപുരം: സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നും പാർലമെന്‍റിലെ തീരുമാനത്തിലാണ് ഇനി പ്രതീക്ഷയെന്നും സ്വവർഗ ദമ്പതികളായ ശിവപ്രസാദും സൂരജും (Gay Couple Reaction On SC Verdict). സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയിൽ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
ഞങ്ങൾ ഉൾപ്പെടെയുള്ളവരുടെ കരണത്തടി പോലെയായി വിധി. കഴിഞ്ഞ പത്ത് ദിവസമായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന വിധിയാണ്. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു വിധി എന്നാലും പ്രതീക്ഷ കൈവിടില്ല. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഉറപ്പാണ്. നീതിക്ക് വേണ്ടി ശക്തമായി പൊരുതും. ഞങ്ങൾ തന്നെ സമൂഹത്തിൽ നിന്നും ഒരുപാട് ചൂഷണങ്ങൾ അനുഭവിക്കുന്നു. പൊലീസിൽ നിന്നു പോലും നല്ല രീതിയിലുള്ള ചൂഷണം നേരിടുന്നു. വ്യക്തിത്വം തുറന്ന് പറയാൻ മടിക്കുന്നവരും സമൂഹത്തിൽ പിന്തളപ്പെട്ടവരുമായി നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ട് വരണം, നാളെ നമുക്കും ഒരു ലോകമുണ്ട്.
ഇഷ്‌ടപ്പെട്ട ഒരാളോടൊപ്പം ജീവിതം പങ്കിടുകയെന്നത് സ്വപ്‌നമാണ്. വിധിയിൽ വളരെയധികം സങ്കടമുണ്ട്. ലൈംഗികതക്ക് മാത്രമുള്ള നിയമസാധുതക്ക് അപ്പുറത്തേക്ക് ജീവിക്കാനുള്ള അവകാശത്തിനാണ് നിയമസാധുത വേണ്ടത്. വീട്ടുകാർ പോലും ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പുറത്തിറങ്ങാൻ പോലും പേടിക്കണം. പൊലീസും നിയമ സംവിധാനവും കൂടെ നിൽക്കണം. ഞങ്ങൾക്കും നീതി വേണമെന്ന് കണ്ണടച്ച് നിൽക്കുന്ന നീതി ദേവതക്കറിയാം. പാർലമെന്‍റിൽ നിന്ന് നീതി ലഭിക്കുമെന്നാണ് ഇനിയുള്ള പ്രതീക്ഷയെന്നും ഇരുവരും ഇടിവി ഭാരതിനോട് പ്രതികരിച്ചു.