ജൊഹന്നാസ് ബർഗ്: ചികിത്സ ലഭിക്കാത്ത എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് നിരവധി വകഭേദങ്ങള്‍ സംഭവിക്കുമെന്ന് പഠനം. സൗത്ത് ആഫ്രിക്കയിലെ സ്റ്റെല്ലന്‍ ബോഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനം, ശാസ്ത്രീയത ഉറപ്പുവരുത്തുന്നതിന്‍റ ഭാഗമായ, പിയര്‍ റിവ്യു ചെയ്യപ്പെട്ടിട്ടില്ല.
കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പ്രധാനകാരണം ചികിത്സ കിട്ടാത്ത എച്ച്ഐവി രോഗികളാണെന്ന് ഈ പഠനം വിലയിരുത്തുന്നു. എച്ച്ഐവി രോഗത്തിന്‍റെ മൂര്‍ധന്യത്തിലുള്ള 22 വയസുള്ള യുവതിക്ക് കൊവിഡിന്‍റെ ബീറ്റ വകഭേദം തുടര്‍ച്ചയായ 9 മാസം പിടിപെട്ടത് പരിശോധിച്ചാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ നടത്തിയത്. ഈ രോഗിയില്‍ ഇരുപതോളം പുതിയ വകഭേദങ്ങള്‍ ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.
ഈ യുവതി എച്ച്ഐവിക്കുള്ള ചികിത്സ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രത്തോളം കൊവിഡ് വകഭേദങ്ങള്‍ അവരുടെ ശരീരത്തില്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകര്‍ പറയുന്നത്. എച്ച്ഐവി ചികിത്സയായ ആന്‍റി റെട്രോവൈറല്‍ തെറാപ്പി രോഗിയില്‍ ആരംഭിച്ചപ്പോള്‍ എച്ച്‌ഐവി രോഗം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു.