എറണാകുളം:പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 13 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇരുവരെയും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. തൃശൂരിലെ അതിസുരക്ഷാ ജയിലിലാണ് ഇരുവരും റിമാന്‍ഡില്‍ കഴിയുന്നത്. അതേസമയം പ്രതികളിലൊരാളായ അലൻ ശുഹൈബ് പരീക്ഷയെഴുതാൻ അനുവാദം തേടി ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂർ സര്‍വകലാശാലയിലെ രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷയെഴുതാനാണ് അനുമതി തേടിയത്. വിഷയത്തില്‍ സര്‍വകലാശാലയുടേയും എൻഐഎയുടെയും വിശദീകരണം ഹൈക്കോടതി തേടി. ഈ മാസം 18ന് നടക്കുന്ന പരീക്ഷയെഴുതാനാണ് അലൻ ശുഹൈബ് കോടതിയെ സമീപിച്ചത്.
പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി - പന്തീരാങ്കാവ് യുഎപിഎ
അടുത്ത മാസം 13 വരെ റിമാന്‍ഡ് തുടരും. അതേസമയം പ്രതികളിലൊരാളായ അലൻ ശുഹൈബ് പരീക്ഷയെഴുതാൻ അനുവാദം തേടി ഹൈക്കോടതിയെ സമീപിച്ചു
കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് പ്രതികൾക്കെതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതേ തുടർന്ന് എൻഐഎ കേസ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. യുഎപിഎ ചുമത്തുന്ന കേസുകള്‍ ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് ഏറ്റെടുക്കാമെന്ന വകുപ്പ് പ്രകാരമാണ് എൻഐഎ കേസ് ഏറ്റെടുത്തത്. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ശുഹൈബ് നിയമ വിദ്യാർഥിയും ഒളവണ്ണയിലെ താഹാ ഫസൽ ജേർണലിസം വിദ്യാർഥിയുമാണ്. അതേസമയം കേസ് സംസ്ഥാന പൊലീസിനെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയത് കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നത്. കേവലമൊരു അഭ്യർത്ഥനയെന്നതിൽ കവിഞ്ഞ് ഇത്തരമൊരു കത്തിന് പ്രസക്തിയില്ലെന്നാണ് നിയമ രംഗത്തുള്ളവരുടെ വിലയിരുത്തൽ.