ഇരിട്ടി കൈരാതി കിരാതക്ഷേത്രത്തിൽ കവർച്ച - Robbery at Iritty Kairati Kirata Temple
ഇന്ന് പുലർച്ചെ ഒന്നരയോടെ മുഖംമൂടിയണിഞ്ഞ് എത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
കണ്ണൂര്‍: ഇരിട്ടി കൈരാതി കിരാതക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ അന്നദാന മണ്ഡപ നിർമാണത്തിനായി സ്ഥാപിച്ച ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്താണ് പണം കവർന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മുഖംമൂടിയണിഞ്ഞ് എത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നില്‍. അരമണിക്കൂറോളം ശ്രമിച്ചാണ് പൂട്ട് തകർത്ത് ഇതിലെ പണം കവർന്നതെന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യകതമാണ്. അതേസമയം വെളിച്ചമില്ലാത്തത് കൊണ്ടും മുഖം പാടേ മറച്ചതുകൊണ്ടും കവർച്ചക്കാർ ആരാണെന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം അധികാരികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.