തട്ടികൊണ്ടുപോയ വ്യാപാരിയെ കണ്ടെത്തി; ഹണി ട്രാപ്പെന്ന് സൂചന - business man
ഹോട്ടലിൽ നിന്നും തട്ടികൊണ്ടുപോയ 64 വയസ്സുള്ള വ്യാപാരിയെ പൊലീസ് രക്ഷപ്പെടുത്തി, കേസിൽ ആറ് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ലുട്ടീൻസിലെ ഹോട്ടലിൽ നിന്നും തട്ടികൊണ്ടുപോയ 64 വയസ്സുള്ള വ്യാപാരിയെ ഒരു ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ലക്ഷ്മി നഗറിലെ കെട്ടിടത്തിനുള്ളിലാണ് വ്യാപാരിയെ കണ്ടെത്തിയത്. സംഭവം ഹണി ട്രാപ്പെന്നാണ് പ്രാഥമിക കണ്ടെത്തൽ. വെള്ളിയാഴ്ച 11 മണിയോടെ വ്യാപാരിയുടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടുകയും 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാപാരി ഒരു കാറിൽ കയറി പോകുന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് വാഹന രജിസ്ട്രേഷൻ നമ്പറിനെ പിന്തുടർന്നുള്ള അന്വേഷണം ഡൽഹി പൊലീസ് ശക്തമാക്കി. കാർ സഞ്ചരിച്ച വഴികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. തുടർന്നാണ് ലക്ഷ്മി നഗറിൽ വ്യാപാരിയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. രാവിലെ ആറു മണിയോടെ വ്യാപാരിയെ ലക്ഷ്മി നഗറിലെ കെട്ടിടത്തിൽ നിന്നും പൊലീസ് കണ്ടെത്തി. കേസിൽ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണം തുടരുന്നതിനാൽ വ്യാപാരിയുടെയോ അറസ്റ്റ് രേഖപ്പെടുത്തിയവരുടെയോ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.