കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരുടെ അറസ്റ്റിലേക്ക് നീങ്ങി ക്രൈം ബ്രാഞ്ച്. അറസ്റ്റിലായ മുഖ്യ പ്രതി ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാനും അറസ്റ്റിലേക്ക് നീങ്ങാനും പൊലീസിന് സാധിച്ചത്. അതെ സമയം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ചു. ഇന്നാണ് ഷാജു ചോദ്യം ചെയ്യലിന് ഹാജരായത്. തുടർന്ന് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഷാജു വെളിപ്പെടുത്തിയത്. ചില കൊലപാതങ്ങളെ പറ്റി തനിക്ക് അറിയാമായിരുന്നെന്നും അധ്യാപകനായ താൻ ഇത്തരം പ്രവൃത്തി ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഷാജു മൊഴി നല്‍കി.
കൂടത്തായി കേസിൽ കൂടുതൽ അറസ്റ്റിലേക്ക് ക്രൈം ബ്രാഞ്ച്
മുഖ്യ പ്രതി ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്
ജോളി നടത്തിയ കൊലപാതകത്തെ കുറിച്ച് പുറംലോകത്തോട് പറയാതിരുന്നത് തന്നെയും വക വരുത്തുമെന്ന് ഭയന്നിട്ടാണെന്നും ഷാജു പൊലീസിനോട് പറഞ്ഞു. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇവരെ കൊല്ലുന്നതിനുള്ള സാഹചര്യം താൻ ഒരുക്കിയെന്നും ഷാജു ചോദ്യം ചെയ്യലിൽ പറഞ്ഞു. താൻ ജോളിയുമായി പ്രണയത്തിലായിരുന്നെന്നും ഇക്കാര്യങ്ങൾ പലതും അച്ഛൻ സക്കറിയക്ക് അറിയാമെന്ന കാര്യവും ഷാജു വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ സക്കറിയയോട് വടകര റൂറൽ എസ്. പി ഓഫീസിൽ എത്തണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. സക്കറിയയുടെ മൊഴി തൃപ്തികരമല്ലെങ്കിൽ ഇയാളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യത ഏറെയാണ്.