കൊല്‍ക്കത്ത: 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാര്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍. ഏകദേശം 1884 ഗ്രാം തൂക്കം വരുന്ന ഒമ്പത് സ്വര്‍ണ കഷ്‌ണങ്ങളാണ് ഇവരില്‍ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മെങ് ഫാൻജുൻ, ചെങ്‌സി പെ എന്നിവരാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. കറുത്ത ഇൻസുലേറ്റിങ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ സ്വർണ കഷ്‌ണങ്ങൾ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
സ്വര്‍ണക്കടത്ത്; രണ്ട് ചൈനീസ് പൗരന്മാര്‍ കൊല്‍ക്കത്തയില്‍ പിടിയില്‍
പ്രതികളെ തുടര്‍ അന്വേഷണങ്ങൾക്കായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 1884 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്
സെക്യൂരിറ്റി ഗേറ്റിലൂടെ കടക്കുമ്പോൾ പ്രതികളിലൊരാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായിരുന്ന ആളും ദേഹപരിശോധന നടത്തുന്ന ഭാഗത്ത് എത്തിയപ്പോൾ അസ്വാഭാവികമായി പെരുമാറിയതായി തോന്നി. ഇതേതുടര്‍ന്ന് ഇരുവരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും വിശദമായ പരിശോധന നടത്തുകയുമായിരുന്നു. സിഐഎസ്എഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടര്‍മാരായ സുനില്‍ കുമാര്‍ വര്‍മ, അജീത് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ രണ്ട് പേര്‍ക്കും ചെക്ക് ഇൻ ലഗേജുകളില്ലെന്നും ഇന്ന് ചൈനയിലെ ഗ്വാങ്‌ഷോവിൽ നിന്ന് എത്തിയവരുമാണെന്ന് കണ്ടെത്തി. തുടര്‍ നടപടികൾക്കായി പ്രതികളെയും പിടികൂടിയ സ്വര്‍ണവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.