കണ്ണൂര്‍: തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ നൂറ് കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ക്യാരിബാഗ്, ഗ്ലാസുകൾ, സ്പൂൺ, സ്ട്രോ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സബ് കലക്‌ടര്‍ ഇലക്യയുടെ നേതൃത്വത്തിൽ പൊല്യൂഷൻ കണ്‍ട്രോള്‍ അസിസ്റ്റന്‍റ് എഞ്ചിനീയർ ജോവിഡാ ഫെർണാണ്ടസ്, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെപി ഹസീന എന്നിവരുള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
തളിപ്പറമ്പിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടികൂടി
സബ് കലക്‌ടര്‍ ഇലക്യയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ 100 കിലോയോളം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് പിടികൂടിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി
പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്ന് തളിപ്പറമ്പ് റവന്യൂ ഡിവിഷന് കീഴിൽ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പ മാർക്കറ്റ് പരിസരത്തു നടത്തിയ പരിശോധനയിൽ ഏഴര കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. സബ് കലക്‌ടര്‍ ഇലക്യ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ നഗരസഭാ, പഞ്ചായത്ത് അധികൃതർക്ക് കർശന നിർദേശം നൽകിയിരുന്നു.
ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നുവെങ്കിലും ജനുവരി 15 വരെ ബോധവൽകരണ പരിപാടികളും അതിനുശേഷം നടപടിയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ അതിനുശേഷം വ്യാപാരി സംഘടനകളുടെ എതിർപ്പ് മൂലം നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കാൻ പിഴ ഈടാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ജനുവരി 24 മുതൽ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശം വന്നതിനെ തുടർന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നോട്ടിഫിക്കേഷൻ പ്രകാരം നിർദേശിച്ച എല്ലാ വിധത്തിലുമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുക്കുകയും പിടിച്ചെടുക്കുന്ന ഉൽപന്നങ്ങൾക്ക് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്യാനാണ് തീരുമാനം.