2023ല്‍ മരണത്തിന്‍റെ അശനിപാതമായി ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധവും തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പവും. അതേസമയം ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതായതും 2023ന്‍റെ പുസ്‌തകത്തിലെ സുപ്രധാന അധ്യായമായി. ടൈറ്റന്‍ എന്ന അന്തര്‍വാഹിനി അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മരണത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിയപ്പോള്‍ വിമാനം തകര്‍ന്ന് ആമസോണ്‍ കാടുകളില്‍ അകപ്പെട്ട 4 കുട്ടികളും 40 ദിവസത്തിനുശേഷം ജീവിതത്തിന്‍റെ പൊന്‍പ്രതീക്ഷകളിലേക്ക് ജീവന്‍ വീണ്ടെടുത്തു. അതിനാടകീയതകള്‍ക്കൊടുവില്‍ ട്വിറ്റര്‍ എക്‌സ് ആയി. ലോകത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ 2023 അടയാളപ്പെടുത്തപ്പെട്ടത് ഇങ്ങനെയെല്ലാമാണ് (International Events 2023).
ശ്‌മശാന മുനമ്പായി ഗാസ : ഇനിയുമടങ്ങാത്ത റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തിന്‍റെ കൊടും ദുരിതങ്ങള്‍ തുടരവെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷിയായത്. ഒക്ടോബർ 7ന് പലസ്‌തീൻ വിമോചന പ്രസ്ഥാനമായ ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിടുന്നു. 1200 ഓളം പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നാലെ സര്‍വ ആയുധങ്ങളും സംഭരിച്ച് ഇസ്രയേലിന്‍റെ നരനായാട്ട്. ഇതിനകം പലസ്‌തീന്‍ പക്ഷത്ത് ഇരുപതിനായിരത്തിലേറെ മരണം. ഇതില്‍ പതിനായിരത്തിലേറെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ പലസ്‌തീനില്‍ ഓരോ 15 മിനിട്ടിലും ഓരോ കുഞ്ഞുവീതം കൊല്ലപ്പെട്ടു.
ഭൂമിയുലഞ്ഞു, അടിപ്പെട്ടണഞ്ഞ് മനുഷ്യജീവനുകള്‍ :ഫെബ്രുവരി 6ന് തുർക്കിയിലും സിറിയയിലും ശക്തമായ ഭൂകമ്പങ്ങൾ. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം പുലർച്ചെ 4:15 ന്. തുടർന്ന് 1:24 ന് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം. ശക്തമായ നിരവധി തുടർചലനങ്ങൾക്കൊപ്പം വീടുകളും കെട്ടിടങ്ങളുമെല്ലാം നിലംപൊത്തി. വിനാശകരമായ ആഘാതത്തിൽ തുർക്കിയിൽ 59,000 പേരും സിറിയയിൽ 8,000 പേരും കൊല്ലപ്പെട്ടു. ഗാസിയാന്‍ടെപ് ആയിരുന്നു പ്രഭവ കേന്ദ്രം. സൈപ്രസ്, ലെബനന്‍, ഇറാഖ്, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി.
ചുഴറ്റിയടിച്ച് വിനാശം വിതച്ച ഫ്രെഡി :ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്‌ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി വീശിയടിച്ചു. പ്രകൃതിയുടെ സംഹാരതാണ്ഡവം മലാവിയിലും മൊസാംബിക്കിലും തെക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമായി 1,400-ലേറെ മനുഷ്യ ജീവനുകള്‍ കവര്‍ന്നു. ചുഴലിക്കെടുതികളില്‍ നിന്ന് ഇനിയും ഇവിടങ്ങളിലെ മനുഷ്യര്‍ കരകയറിയിട്ടില്ല.
ഒരിക്കല്‍ക്കൂടി തോക്കിന് മുന്നില്‍ തോറ്റ് അമേരിക്ക :ലോകപൊലീസെന്ന് അഭിമാനം ജ്വലിപ്പിക്കുന്ന അമേരിക്ക കിടുങ്ങിയ മറ്റൊരു ദുരന്തദിനമായിരുന്നു 2023 ജനുവരി 21. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ കൂട്ട വെടിവയ്പ്പ്. 72 കാരനായ തോക്കുധാരി തുരുതുരാ നിറയൊഴിച്ചപ്പോള്‍ പതിനൊന്ന് പേര്‍ പിടഞ്ഞുവീണ് ചേതനയറ്റു. ഒമ്പത് പേർക്ക് ഗുരുതര പരിക്ക്. അടുത്ത ദിവസം ടോറൻസിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അക്രമി സ്വയം വെടിവച്ചു. ഒടുക്കം മരണത്തിന് കീഴടങ്ങി.
മരണത്തിലേക്ക് ടൈറ്റന്‍റെ തിരോധാനം :2023 ജൂൺ 18-ന്, കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്തിനടുത്തുള്ള വടക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ അഞ്ചുപേരെയും വഹിച്ച് ടൈറ്റൻ എന്ന അന്തര്‍വാഹിനി അപ്രത്യക്ഷമായി. ഓഷന്‍ ഗേറ്റിന്‍റെ ടൈറ്റന്‍ പേടകം തകര്‍ന്ന് സ്ഥാപകന്‍ ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. പേടകത്തിന്‍റെ പ്രഷര്‍ ചേംബറിലെ തകരാറിനെ തുടര്‍ന്ന് സ്ഫോടനമുണ്ടായെന്നാണ് വിലയിരുത്തപ്പെട്ടത്. നാലുനാളിപ്പുറം പേടകത്തിന്‍റെ അവശിഷ്‌ടങ്ങളും പര്യവേഷണ സംഘത്തിലുള്ളവരുടെ മൃതദേഹഭാഗങ്ങളും കണ്ടെടുത്തു.
ആ കുരുന്നുകള്‍ പ്രതീക്ഷയുടെ തിരിവെട്ടവുമായി ജീവിതത്തിലേക്ക് : മെയ് 1ന് പുലർച്ചെ ആറ് യാത്രക്കാരും ഒരു പൈലറ്റുമായി അരരാകുവാരയില്‍ നിന്ന് പറന്നുയർന്ന സെസ്‌ന സിംഗിൾ എഞ്ചിൻ പ്രൊപ്പല്ലർ വിമാനം കൊളംബിയയിലെ ആമസോൺ കാട്ടിൽ തകർന്നുവീണു. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കാട്ടിൽ നിന്നും കണ്ടെത്തി. എന്നാല്‍ നാല് കുട്ടികളെ കാണാതായി. 13ഉം ഒൻപതും നാലും വയസുള്ള കുട്ടികളും 11 മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കാട്ടിൽ കാണാതായത്. ആമസോൺ ഗ്രാമമായ അരരാകുവാരയിൽ നിന്ന് മഴക്കാടുകളുടെ അരികിലുള്ള ചെറിയ നഗരമായ സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഈ കുട്ടികള്‍. വിമാനം തകര്‍ന്നുവീണതോടെ കുട്ടികള്‍ കാട്ടില്‍ അകപ്പെട്ടു. എന്നാല്‍ 40 നാളുകള്‍ ശേഷം നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി. അവര്‍ പ്രതീക്ഷാവെട്ടവുമായി ജീവിതത്തിലേക്ക് തിരികെയെത്തി. വിമാനത്തിന്‍റെ എഞ്ചിൻ തകരാറായിരുന്നു അപകട കാരണം.
അതിനാടകീയം, സംഭവ ബഹുലം ഒടുവില്‍ ട്വിറ്റര്‍ - എക്‌സ് :ടെക് കോടീശ്വരനായ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങി കിളിയെ പറത്തി പേര് എക്‌സ് എന്നാക്കി. 2022 ഏപ്രിലിൽ തുടങ്ങിയ ഇടപാടുചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്ടോബർ 27-നാണ് ഔദ്യോഗികമായി അദ്ദേഹം ഉടമയാകുന്നത്. തുടര്‍ന്ന് 2023 ജൂലൈയിൽ, മസ്‌ക് ട്വിറ്ററിനെ എക്‌സ് എന്ന് പുനര്‍നാമകരണം ചെയ്‌തു. ലോഗോയും മാറി. പുതിയ കെട്ടിലും മട്ടിലും എക്‌സ് എത്തിയെങ്കിലും പലകുറി പ്രവര്‍ത്തനം തടസപ്പെടുന്നതിനും ലോകം സാക്ഷിയായി. ഇനിയുമേറെ പരിഷ്‌കാരങ്ങള്‍ വരാനുണ്ടെന്നാണ് 2024ലേക്ക് മസ്‌ക് പറഞ്ഞുവച്ചിരിക്കുന്നത്.
ചൈനയെ മറികടന്ന് ഇന്ത്യ : 2023 ഏപ്രില്‍ 24 ന് ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. 1.43 ബില്യൺ ജനസംഖ്യയുമായാണ് ഇന്ത്യയെന്ന മാഹാരാജ്യത്തിന്‍റെ കുതിപ്പ്. വരും ദശകങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ഈ പദവി നിലനിർത്താന്‍ തന്നെയാണിട.