മോസ്കോ:ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിനും കൂടിക്കാഴ്ച നടത്തും. എസ്സിഒ (Shanghai Cooperation Organization) ഉച്ചകോടിക്കിടയില്‍ വച്ച് ഉസ്ബെകിസ്ഥാനില്‍ അടുത്ത ആഴ്ചയാണ് കൂടിക്കാഴ്ച. റഷ്യ യുക്രൈനില്‍ സൈനിക നടപടി തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്.
യുക്രൈനിലെ സൈനിക നടപടിയെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചൈന റഷ്യയുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. പത്ത് ദിവസത്തിനുള്ളില്‍ ഉസ്ബെകിസ്ഥാനിലെ സമര്‍കണ്ടില്‍ വച്ച് നടക്കുന്ന എസ്സിഒ ഉച്ചകോടിക്കിടെ ഇരു രാഷ്ട്ര തലവന്മാരും കൂടിക്കാഴ്ച നടത്തുമെന്ന് ചൈനയിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രി ഡെനിസോവ് റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 15നാണ് എസ്സിഒ ഉച്ചകോടി നടക്കുന്നത്.
ഇന്ത്യ, ചൈന, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്, തജികിസ്ഥാന്‍, ഉസ്ബെകിസ്ഥാന് എന്നീ രാജ്യങ്ങളാണ് എസ്സിഒയിലെ അംഗങ്ങള്‍. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് വിദേശ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്. ഇതിനിടെ, റഷ്യയിലെ വ്ളാഡിവോസ്റ്റോക്കില് നടക്കുന്ന ഒരു സാമ്പത്തിക സമ്മേളനത്തില്‍ വച്ച് ചൈനയുടെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന നേതാവ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗമായ ലി ഷാന്‍ഷു ഈസ്റ്റേന്‍ ഇക്കണോമിക് ഫോറത്തില്‍ വച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാനായി ലി വ്ളാഡിവോസ്റ്റോക്കില് എത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം വിദേശ രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന ആദ്യ ചൈനീസ് ഉന്നത നേതാവാണ് ലി.