സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ ഷാര്‍ക്ക് ഉള്‍ക്കടലിലാണ് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകര്‍ സസ്യത്തെ കണ്ടെത്തിയത്. പൊസിഡൊണിയ ഓസ്ട്രേലിയാസ് (Posidonia australis) ഇനത്തില്‍പ്പെടുന്ന കടല്‍ പുല്ലാണ് ഇത്.
ഈ ഒറ്റപ്പുല്ല് പരന്ന് കിടക്കുന്ന സ്ഥലത്തിന്‍റെ പരപ്പളവ് കൊച്ചി നഗരത്തിന്‍റെ ഇരട്ടിയിലധികം വരും. ഇത് കടലിനടിയില്‍ പടര്‍ന്ന് കിടക്കുന്നത് 200 ചതുരശ്ര കിലോമീറ്ററിലാണ്. ഈ പുല്ലിന്‍റെ പ്രായം ഗവേഷകര്‍ കണക്കാക്കിയത് 4,500 വര്‍ഷമാണ്. ഈ കടല്‍ പുല്ലിന്‍റെ പഠന റിപ്പോര്‍ട്ട് റോയല്‍ സൊസൈറ്റിയുടെ ശാസ്ത്ര ജേണലായ പ്രൊസീഡിങ്‌സില്‍ പ്രസിദ്ധീകരിച്ചു.
വളരെ യാദൃശ്ചികമായാണ് ഗവേഷകര്‍ ഈ ഭീമാകാരനായ കടല്‍പുല്ലിനെ കണ്ടെത്തുന്നത്. ഷാര്‍ക്ക് ഉള്‍ക്കടലിലെ കടല്‍പ്പുല്ലുകളുടെ ജനിത വൈവിധ്യം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണത്തിലായിരുന്നു ഗവേഷകര്‍. ആദ്യം ഗവേഷകര്‍ കരുതിയത് വലിയ പുല്‍ത്തകിടിയായിരിക്കും ഇതെന്നാണ്( seagrass meadow). പിന്നീടാണ് മനസിലായത് ഒരൊറ്റ വിത്തില്‍ നിന്നുണ്ടായ പുല്ലാണിതെന്ന്.
ഇതിന്‍റെ വലിപ്പത്തിന് പുറമെ ആയിരകണക്കിന് വര്‍ഷം ഇതിന് നിലിനില്‍ക്കാന്‍ സാധിച്ചത് അതിശയകരമാണെന്നും ഗവേഷകര്‍ പറഞ്ഞു. ദുഷ്‌കരമായ കാലവസ്ഥകളെ അതിജീവിക്കാനുള്ള ശേഷി ഈ സസ്യം ആര്‍ജിച്ചെടുത്തിട്ടുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. ഈ സസ്യം അധികം കായ്‌ക്കുകയോ പൂക്കുകയോ ചെയ്യുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു. പൂക്കുന്നതിന് മുമ്പുള്ള അസാമാന്യ വളര്‍ച്ചയാണ് പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇതിനെ പ്രാപ്‌തമാക്കിയതെന്ന് ഗവേഷകര്‍ പറഞ്ഞു.