ഹോങ്കോങ്:മനുഷ്യരുടെ സംരക്ഷണയിലായിരുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ആൺ ഭീമൻ പാണ്ട ആൻ ആൻ വിടവാങ്ങി. 1999 മുതൽ ഹോങ്കോങ്ങിലെ തീം പാർക്കിന്‍റെ സംരക്ഷണയിലായിരുന്ന ആൻ ആൻ 35-ാം വയസിലാണ് വിടവാങ്ങിയത്.
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെൺ പാണ്ടയായ ജിയ ജിയ 2016ൽ 38-ാം വയസിൽ മരിച്ചിരുന്നു. ആൻ ആനിന്‍റെ മരണത്തിൽ ഓഷ്യൻ പാർക്ക് അനുശോചനം രേഖപ്പെടുത്തി. ആൻ ആൻ വിശേഷപ്പെട്ട കുടുംബാംഗം ആയിരുന്നുവെന്നും വിനോദ സഞ്ചാരികളുമായും നാട്ടുകാരുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഓഷ്യൻ പാർക്ക് അറിയിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ആൺ ഭീമൻ പാണ്ട ആൻ ആൻ
ഹൃദയസ്‌പർശിയായ ഒട്ടേറെ നിമിഷങ്ങൾ കൊണ്ട് ആൻ ആൻ നിരവധി നല്ല ഓർമകൾ സമ്മാനിച്ചു. പ്രിയപ്പെട്ട പാണ്ടയുടെ കളികൾ ഒരുപാട് മിസ് ചെയ്യുമെന്ന് ഓഷ്യൻ പാർക്ക് കോർപറേഷൻ ചെയർമാൻ പൗലോ പോങ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ആൺ ഭീമൻ പാണ്ട ആൻ ആൻ
പ്രായമായ പാണ്ടകൾക്കിടയിൽ കാണപ്പെടുന്ന ഉയർന്ന രക്തസമ്മർദം ആൻ ആനിന് ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പാണ്ട സന്ദർശകരിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞുവെന്നും ഉന്മേഷം കുറഞ്ഞ അവസ്ഥയില്‍ ആയിരുന്നുവെന്നും പാർക്ക് അധികൃതർ പറയുന്നു.
ഓഷ്യൻ പാർക്കിൽ നിന്നുള്ള മൃഗഡോക്‌ടർമാരും സർക്കാർ അധികാരികളും ഭീമൻ പാണ്ടയ്‌ക്കായുള്ള ചൈന കൺസർവേഷൻ ആൻഡ് റിസർച്ച് സെന്‍ററുമായി കൂടിയാലോചിച്ച ശേഷം ആൻ ആനിനെ വ്യാഴാഴ്‌ച(21.07.2022) രാവിലെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പാണ്ടയ്‌ക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നൽകാതിരിക്കാനാണ് ദയാവധത്തിന് വിധേയമാക്കിയതെന്ന് ഓഷ്യൻ പാർക്ക് അറിയിച്ചു.
മനുഷ്യരുടെ 105 വയസിന് തുല്യമാണ് പാണ്ടകളുടെ 35 വയസ് എന്നത്. 2007ൽ ചൈന ഹോങ്കോങ്ങിന് കൈമാറിയ യിങ് യിങ്, ലീ ലീ എന്നീ രണ്ട് പാണ്ടകളാണ് ഭീമൻ പാണ്ട വിഭാഗത്തിൽ നിലവിൽ പാർക്കിലുള്ളത്.