വിഖ്യാത ഹോളിവുഡ് സിനിമ 'ഗോഡ്‌ഫാദറി'ലെ ഒരു രംഗത്തില്‍, കഥാപാത്രങ്ങളുടെ മുഖങ്ങള്‍ മാറ്റി അതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ചിത്രങ്ങള്‍ വച്ചുള്ള ഒറിജിനലിനെ വെല്ലുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 'ഡീപ് ഫേക്ക്' എന്ന വാക്ക് കൂടുതല്‍ പേരും കേള്‍ക്കുന്നത് ആ വൈറല്‍ വീഡിയോയ്‌ക്ക് ശേഷമായിരിക്കും. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം ക്രിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെങ്കിലും ദോഷവശവും ഇപ്പുറത്തുണ്ട്. അതിലൊന്നായിരുന്നു കോഴിക്കോട് സ്വദേശിയെ, സുഹൃത്തെന്ന വ്യാജേനെ അജ്ഞാതന്‍ വീഡിയോ കോളിലൂടെയെത്തി 40,000 രൂപ തട്ടിയെടുത്ത സംഭവം. ഇത്തരത്തില്‍, തട്ടിപ്പിനും ക്രിയേറ്റിവിറ്റിയ്‌ക്കും ഒരുപോലെ ആളുകള്‍ ഉപയോഗിക്കുന്ന, ഡീപ്ഫേക്ക് സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതലറിയാം.
എന്താണ് ഡീപ്ഫേക്ക്?:എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഫോട്ടോ ഉപയോഗിച്ച്, വീഡിയോയിലെ ഏത് ആളിനേയും മാറ്റാന്‍ കഴിയുന്ന സംവിധാനമാണ് ഡീപ്‌ഫേക്ക്. എഐ ഉപയോഗിച്ച് വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ എഡിറ്റ് ചെയ്യാനും ഒറിജിനലിനെ വെല്ലുന്ന രൂപത്തില്‍ പുനസൃഷ്‌ടിക്കാനും കഴിയും എന്നതാണ് പ്രത്യേകത. ക്രിയേറ്റീവായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പുറമെ ആളുകളേയും സംഘടനകളെയും മറ്റുമൊക്കെ വ്യക്തിഹത്യ ചെയ്യാനും കരിവാരി തേക്കാനും ഡീപ്ഫേക്കുകൾ ഉപയോഗിക്കുന്നത് വ്യാപകമായി തുടങ്ങിയിട്ടുണ്ട്.
ഡീപ്ഫേക്കിന്‍റെ നേട്ടങ്ങൾ എന്തൊക്കെ ?:പരസ്യനിര്‍മാണം ഉള്‍പ്പെടെയുള്ള വീഡിയോ പ്രൊഡക്ഷന്‍, കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ ഡീപ്‌ഫേക്കിലൂടെ കഴിയും. നമുക്ക് ഇഷ്‌ടമുള്ള ഏത് ആളുകളുടേയും മുഖം വീഡിയോയില്‍ ഉള്‍പ്പെടുത്തി പരസ്യ വീഡിയോ നിര്‍മിക്കാം. എന്നാല്‍, സെലിബ്രിറ്റികളുടെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ കേസും കൂട്ടവും ആവാന്‍ സാധ്യത കൂടുതലാണ്. ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ, കാഴ്‌ചക്കാര്‍ക്ക് വിത്യസ്‌തമായ അനുഭവം നൽകാം കഴിയുമെന്നത് സവിശേഷതയാണ്.
എങ്ങനെ കണ്ടെത്താം ഡീപ്ഫേക്ക് ?:മികച്ച രീതിയില്‍ ഡീപ്‌ഫേക്ക് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പെട്ടന്നുതന്നെ തിരിച്ചറിയാനാവും എന്നതില്‍ തര്‍ക്കില്ല. അതായത്, ചുണ്ടുകളുടെ ചലനത്തിലും ചർമത്തിന്‍റെ നിറത്തിലുമൊക്കെയുള്ള മാറ്റം ഇതില്‍ എടുത്തുപറയേണ്ടതാണ്. പുറമെ, മുടിയടക്കമുള്ള കാര്യങ്ങളിലും പ്രശ്‌നം പറ്റിയേക്കാം. ആഭരണങ്ങള്‍, പല്ലുകള്‍, കണ്ണിന്‍റെ കൃഷ്‌ണമണിയിലെ പൊരുത്തപ്പെടാത്ത ഒരുതരം പ്രകാശം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഡീപ്‌ഫേക്കാണോ അല്ലെയോ എന്ന് കണ്ടെത്താം.
ALSO READ |AI Fraud Case | എഐ വഴി 40,000 തട്ടിയ കേസ്: കോഴിക്കോട് സ്വദേശിക്ക് നഷ്‌ടമായ മുഴുവൻ തുകയും വീണ്ടെടുത്തതായി പൊലീസ്
പുറമെ, മറ്റ് കാര്യങ്ങള്‍ കൂടെ നോക്കാം. ഒട്ടും ഒറിജിനാലിറ്റി തോന്നാത്ത മുഖം, അല്ലെങ്കിൽ പരിസ്ഥിതി. അസാധാരണമോ അല്ലെങ്കിൽ വിചിത്രമോ ആയ മുഖത്തിന്‍റെ സ്ഥാനം. വീഡിയോയില്‍ കാണുന്ന ആളുകള്‍ സംസാരിക്കുമ്പോള്‍ ലിപ് സിങ്കിലെ പൊരുത്തക്കേട് എന്നിവയും എളുപ്പത്തില്‍ ഇത്തരം വീഡിയോകളെ തിരിച്ചറിയാന്‍ സാധിക്കും.
ഡീപ്‌ഫേക്ക് ആയുധമാക്കുന്ന സൈബർ കുറ്റവാളികൾ:ഡീപ്‌ഫേക്കുകള്‍ ഉപയോഗപ്പെടുത്തിയുള്ള സൈബർ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഡീപ്‌ഫേക്ക് ഉപയോഗിച്ച് വീഡിയോയും ഓഡിയോയും വ്യാജമായി നിര്‍മിച്ച് ഡാറ്റയും പണവും മോഷ്‌ടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. 2022 ഓഗസ്റ്റിൽ പുറത്തുവിട്ട സർവേ ഫലം ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവിട്ടത്. സൈബർ ആക്രമണ കേസുകളില്‍ 66 ശതമാനം പേരും ഡീപ്ഫേക്കുകൾ ഉപയോഗിച്ചതായി കണ്ടെത്തി. വർഷം തോറും സമാന കേസുകളില്‍ 13 ശതമാനത്തിന്‍റെ വർധനവാണ് റിപ്പോര്‍ട്ട് ചെയ്‌തത്. എംവെയര്‍ അതിന്‍റെ എട്ടാം വാർഷിക ഗ്ലോബൽ ഇൻസിഡന്‍റ് റെസ്പോൺസ് ത്രെറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 78 ശതമാനം സൈബര്‍ അറ്റാക്കുകളും ഇമെയിലിലൂടെയാണ് പ്രതികള്‍ അയച്ചിരുന്നത്.
ഡീപ്ഫേക്ക് ഉപയോഗിച്ചുള്ള പ്രധാന സൈബര്‍ കേസുകള്‍:രഹസ്യ വിവരങ്ങൾ ശേഖരിക്കാന്‍ വേണ്ടി തട്ടിപ്പുകാർ ക്രിപ്‌റ്റോകറൻസി ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസറുടെ ഡീപ്ഫേക്ക് ഹോളോഗ്രാം (virtual) സൃഷ്‌ടിച്ചിരുന്നു. പുറമെ, തത്സമയ വോയ്‌സ് ക്ലോണിങിലൂടെ ഹോങ്കോങ് ബാങ്ക് മാനേജരേയും ദുബായ് ബാങ്ക് ഡയറക്‌ടറേയും കബളിപ്പിക്കാൻ ശ്രമം നടത്തിയതും ഡീപ്ഫേക്ക് ഉപയോഗിച്ചുള്ള പ്രധാന സൈബര്‍ കേസുകളാണ്.
ALSO READ |AI Fraud Case | 'അറിയാത്തവരുടെ റിക്വസ്‌റ്റ് സ്വീകരിക്കരുത്' ; എഐ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ മുന്നറിയിപ്പുമായി പൊലീസ്
ഫേഷ്യൽ മാപ്പിങിനേയും കൂട്ടുപിടിക്കുന്ന സൈബര്‍ ക്രിമിനലുകള്‍:ഫേഷ്യൽ മാപ്പിങ് സാങ്കേതികവിദ്യയും എഐ ഉപയോഗിച്ചുള്ള ക്രൈമുകള്‍ക്ക് കുറ്റവാളികൾ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ, ആളുകള്‍ക്ക് വോയ്‌സ് കൃത്യമായി പകർത്താൻ വോയ്‌സ് മാച്ചിങ് സാങ്കേതികവിദ്യയും ഉപയോഗിക്കാനുള്ള സംവിധാനം എഐയിലുണ്ട്.
എന്താണ് പരിഹാരം?:എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ അനുദിനം വളര്‍ന്നുവരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ തട്ടിപ്പിന് ഇരകളാവാതിരിക്കാന്‍ വിവേചനമുള്ള സമൂഹത്തെ വളർത്തിയെടുക്കേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യയില്‍ അവബോധം ശക്തിപ്പെടുത്തണം. തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം, സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സാക്ഷരത വര്‍ധിപ്പിക്കുക എന്നത് തന്നെയാണ്.